Photos: instagram.com/urf7i/
വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരം ട്രോളുകൾ ഏറ്റുവാങ്ങുന്ന താരമാണ് ഉർഫി ജാവേദ്. അമിതമായ ഗ്ലാമറസ് വസ്ത്രങ്ങൾ ധരിക്കുന്നു എന്നതാണ് ഉർഫി നേരിടാറുള്ള പ്രധാന വിമർശനം. എന്നാൽ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനിൽ ആരും പരീക്ഷിക്കാത്ത സ്റ്റൈലുകൾ കൊണ്ടുവരാറുമുണ്ട് ഉർഫി. ഇപ്പോഴിതാ സ്വന്തമായി ഡിസൈൻ ചെയ്ത ടോപ് ധരിച്ചു നിൽക്കുന്ന ഉർഫിയുടെ ഒരു ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്.
കടും പിങ്ക് നിറത്തിലുള്ള കോസെറ്റ് ടോപ് ധരിച്ചു നിൽക്കുന്ന ചിത്രമാണ് ഉർഫി പങ്കുവെച്ചത്. വെറുതെ ഒരു ടോപ് അല്ല മറിച്ച് പി.യു.സി ഫാബ്രിക്കിൽ നിന്നും തയ്യാറാക്കിയെടുത്ത ടോപ് ആണ് അതെന്നതാണ് പ്രത്യേകത. വൈറ്റ് ജീൻസിനൊപ്പമുള്ള ഉർഫിയുടെ പ്ലാസ്റ്റിക് കോസെറ്റ് ടോപ് അസ്സൽ ആയിട്ടുണ്ടെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.
അടുത്തിടെ ഉര്‍ഫിയുടെ വസ്ത്രധാരണ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ സംരംഭകയും ഫാഷന്‍ ഡിസൈനറുമായ ഫറാ ഖാന്‍ അലി രംഗത്തെത്തിയിരുന്നു.
അരോചകമായി വസ്ത്രം ധരിക്കുന്ന ഈ പെണ്‍കുട്ടിയെ കര്‍ശനമായി താക്കീതു ചെയ്യേണ്ടതുണ്ട്. അവളെ നോക്കി ആളുകള്‍ തമാശരൂപേണ ചിരിക്കുന്നു. പക്ഷേ, അവര്‍ ചിരിക്കുമ്പോള്‍ അവളുടെ വസ്ത്രധാരണത്തെ അവര്‍ ഇഷ്ടപ്പെടുന്നുവെന്ന് അവള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം അവളോട് ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു'- എന്നാണ് ഫറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
എന്നാല്‍, ഫറയുടെ കമന്റിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി ഉര്‍ഫിയും രംഗത്തെത്തുകയുണ്ടായി. നല്ല വസ്ത്രം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് വിശദീകരിക്കാമോ എന്നാണ് ഉര്‍ഫി ചോദിച്ചത്.
ഞാന്‍ വസ്ത്രം ധരിക്കുന്ന രീതിയെ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല എന്ന കാര്യം എനിക്കറിയാം. ഞാന്‍ കുമിളയ്ക്കുള്ളിലല്ല ജീവിക്കുന്നത്. പക്ഷേ, ആളുകളുടെ അഭിപ്രായങ്ങളെ ഞാന്‍ ഗൗനിക്കാറില്ല. ഡിസൈനര്‍ ടാഗോടുകൂടിയ വസ്ത്രം നിങ്ങള്‍ ധരിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്നത് ആകുമോ? നിങ്ങളുടെ ബന്ധുക്കള്‍ സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്യാറുണ്ട്. അവിടെ സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിക്കുകയും ഐറ്റം നമ്പറുകള്‍ ചെയ്യുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഇത് അരോചകമല്ലേ? കൂടാതെ, ഐറ്റം നമ്പറുകളില്‍ സ്ത്രീകളുടെ ശരീരം ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നു, അത് സ്വീകാര്യമാണോ? വീടുകളിലാണ് ഇതിന് തുടക്കമിടേണ്ടത്. സമാധാനം പുറത്തും. ഇത് നിങ്ങളുടെ ഭാഗത്തുള്ള അനാവശ്യമായ ഇടപെടലാണ്. താരങ്ങളുടെ മക്കള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുന്നത് അരോചകമേ അല്ല- എന്നാണ് ഉര്‍ഫി നൽകിയ മറുപടി.
വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും ഉർഫി നേരത്തേ പങ്കുവെച്ചിട്ടുണ്ട്. ചുവപ്പു നിറത്തിലുള്ള ക്രോപ് ടോപ്പും ജീൻസും ധരിച്ചു നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി ചുട്ടമറുപടി നൽകിയത്. പറയാനുള്ള കാര്യങ്ങൾ കൂടി തുന്നിച്ചേർത്ത ജാക്കറ്റാണ് ടോപ്പിനൊപ്പം ഉർഫി ധരിച്ചത്. മൈൻഡ് യുവർ ഓൺ ബിസിനസ് എന്നാണ് ജാക്കറ്റിനു പിന്നിൽ ഉണ്ടായിരുന്നത്. ആരെങ്കിലും തന്നോട് എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയുകയോ ട്രോളുകയോ ചെയ്താൽ അവരോടുള്ള മറുപടി ഇതാണ് എന്നും ഉർഫി പറഞ്ഞിരുന്നു.
വസ്ത്രങ്ങൾ ട്രോൾ ചെയ്യപ്പെടുന്നതിനാൽ ഡിസൈനർമാർ തനിക്കൊപ്പം പ്രവർത്തിക്കാൻ മടി കാണിക്കുന്നു എന്നും താരം തുറന്നു പറഞ്ഞിരുന്നു. ഡിസൈനേഴ്സ് പോലും എനിക്കൊപ്പം പ്രവർത്തിക്കാൻ മടി കാണിക്കാറുണ്ട്. എന്റെ ഔട്ട്ഫിറ്റുകൾ ഏറെ ട്രോൾ ചെയ്യപ്പെടുന്നതിനാലണത്. ഞാനവരുടെ ബ്രാൻഡിന് ചേർന്നതല്ലെന്നാണ് അവർ കരുതുന്നത്- എന്നാണ് ഉർഫി പറഞ്ഞത്.
Content Highlights: urfi javed self designed top, trolls on urfi javed outfit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..