Photo: instagram.com|rihannaofficlal|?hl=en
ഗായികയും അഭിനേത്രിയും ഫാഷനിസ്റ്റയുമായ റിഹാനയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. ഫാഷന്റെ കാര്യത്തിൽ റിഹാനയും പങ്കാളി അസാപ് റോക്കിയും ഒട്ടും പുറകിലല്ല. ഇപ്പോഴിതാ റിഹാനയുടെയും അസാപിന്റെയും ചില ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. താരം ഗർഭിണിയാണെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളാണവ.
അടുത്തിടെയായി താരത്തിന്റെ ചിത്രങ്ങൾക്ക് കീഴെ ഗർഭിണിയാണെന്ന തരത്തിൽ ആരാധകർ കമന്റുകൾ പങ്കുവെച്ചിരുന്നു. ഇത്തരം സംശയങ്ങൾക്ക് ചിത്രങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണ് റിഹാന. ഗർഭകാലത്തും സ്റ്റൈലിൽ റിഹാന തരിമ്പും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നാണ് ചിത്രങ്ങൾക്ക് കീഴെ ആരാധകർ പറയുന്നത്.
ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ചിത്രങ്ങളാണവ. പിങ്ക് നിറത്തിലുള്ള നീളൻ ജാക്കറ്റാണ് ചിത്രത്തിൽ റിഹാന ധരിച്ചിരിക്കുന്നത്. അലസമായിക്കിടക്കുന്ന ഡെനിം പാന്റും ആഭരണങ്ങളും അഴിച്ചിട്ട മുടിയുമൊക്കെ റിഹാനയ്ക്ക് എപ്പോഴത്തേയും പോലെ സ്റ്റൈലിഷ് ലുക് നൽകി.
ഏറെക്കാലമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു താരം. അമ്മയാകാനായി ത്രില്ലടിച്ചിരിക്കുകയാണ് റിഹാനയെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
ബാർബഡോസിലെ സെയ്ന്റ് മൈക്കിളിൽ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളർന്നത്. ദരിദ്രമായ ചുറ്റുപാടിൽ വളർന്ന അവരെ അമേരിക്കൻ പ്രൊഡ്യൂസറായ ഇവാൻ റോഗേഴ്സാണ് സംഗീതമേഖലയിൽ ഉയർത്തിക്കൊണ്ട് വന്നത്.
സംഗീതമേഖലയിൽ ഗ്രാമി പുരസ്കാരങ്ങൾപോലെ വലിയ അംഗീകാരങ്ങൾ സ്വന്തമാക്കിയ റിഹാന മേയ്ക്ക് അപ്, ഫാഷൻ രംഗത്തും വിജയക്കൊടി പാറിച്ചു. ഫെന്റി ബ്യൂട്ടി എന്ന പേരിൽ സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ് റിഹാന.
സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും റിഹാനയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: rihanna is pregnant viral photos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..