Photo: pixabay
കൊറോണ ലോക്ഡൗണായതോടെ പലരും വര്‍ക്ക് ഫ്രം ഹോം എന്ന നിലയിലായിരിക്കും. ലാപ്‌ടോപ്പും, ഫോണും ഒക്കെയായി കണ്ണിന് നോ റെസ്റ്റ്. അല്ലെങ്കില്‍ ടി.വിയുടെ മുന്നില്‍. ജോലി ചെയ്യുകയാണെങ്കിലും വെറുതേയിരിക്കുകയാണെങ്കിലും കണ്ണിന് വിശ്രമമൊന്നും ഉണ്ടാകില്ലെന്ന് ചുരുക്കം. ഇടയ്ക്ക് കണ്ണിന് അല്‍പം കുളിര്‍മ നല്‍കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഈ മാസ്‌കുകള്‍ പരീക്ഷിച്ചാലോ. കണ്ണിന് സുഖം നല്‍കുക മാത്രമല്ല കണ്‍ തടത്തിലെ കറുപ്പ്, കണ്ണിന്റെ ക്ഷീണം ഇവ മാറാനും ഈ മാസ്‌കുകള്‍ നല്ലതാണ്.
1. ഉരുളക്കിഴങ്ങും മിന്റും
ഐ മാസ്‌കിന് ഏറ്റവും യോജിച്ചതാണ് ഉരുളക്കിഴങ്ങ്. വിറ്റാമിന്‍ എ, സി, സ്റ്റാര്‍ച്ച് എന്നിവയാല്‍ സമൃദ്ധമാണ് ഉരുളക്കിഴങ്ങ്. കണ്ണിന് ചുറ്റുമുളള കറുപ്പ് മാറാന്‍ വേറൊന്നും വേണ്ട. ഉരുളക്കിഴങ്ങും മിന്റും ചേര്‍ത്ത് അരച്ചെടുക്കുക. ഇതിനെ അല്‍പസമയം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കണം. ഇത് ഒരു കോട്ടണില്‍ മുക്കി ദിവസവും രണ്ടുനേരം കണ്ണില്‍ വയ്ക്കുക. ഇരുപത്തഞ്ച് മിനിറ്റ് ഇത് തുടരാം. ശേഷം കണ്ണ് നന്നായി കഴുകാം.
2. മില്‍ക് ആന്‍ഡ് റോസ് ഐ മാസ്‌ക്
പാല്‍ കുടിച്ചാല്‍ മാത്രമല്ല പുരട്ടിയാലും ഗുണമാണ് കിട്ടുന്നത്. വിറ്റാമിനുകളായ എ, ബി എന്നിവയാല്‍ സമ്പുഷ്ടമാണ് പാല്‍. ഇത് കണ്ണിനും ചര്‍മത്തിനുമെല്ലാം വളരെ ഗുണം ചെയ്യുന്നതുമാണ്. ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ റോസാപ്പൂ ഇതളുകള്‍ സഹായിക്കും. ഒരു ബൗളില്‍ പാലും റോസാപ്പൂ ഇതളുകളും മിക്‌സ് ചെയ്ത് ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കുക. ഈ മിശ്രിതത്തില്‍ കോട്ടണ്‍ മുക്കി കണ്ണില്‍ വയ്ക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ചെയ്യാം.
3. കോഫീ ആന്‍ഡ് റോസ്‌വാട്ടര്‍
കണ്‍പോളകളിലെ വീക്കം കുറക്കാന്‍ ഏറ്റവും നല്ല വഴിയാണ് കോഫീ പൗഡര്‍ മാസ്‌ക്. ഇതിലടങ്ങിയ കഫീന്‍ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കും. ഒരു ടേബിള്‍സ്പൂണ്‍ കോഫീപൗഡറില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ്‌വാട്ടര്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ഇതില്‍ കോട്ടണ്‍ പാഡ് മുക്കി 30 മിനിറ്റ് കണ്ണില്‍ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.
4. മഞ്ഞളും തൈരും
മഞ്ഞള്‍ ചര്‍മത്തിലെ പിഗ്മെന്റേഷന്‍, യു.വി ഡാമേജ് എന്നിവ പരിഹരിക്കാന്‍ ഉത്തമമാണ്. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് കണ്ണിന് താഴെ പുരട്ടി 25 മിനിറ്റ് കഴിയുമ്പോള്‍ കഴുകാം. ദിവസവും രണ്ട് നേരം ചെയ്യാം.
5. അലോവേരയും ഒലീവ് ഓയിലും
എല്ലാ ചര്‍മപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഒറ്റമൂലിയാണ് അലോവേര. വിറ്റാമിനുകളും ഹൈഡ്രേറ്റിങ് പവറും എല്ലാമായി അലോവേര വലിയ ചെലവില്ലാത്ത സൗന്ദര്യസംരക്ഷണമാര്‍ഗവുമാണ്. അലോവേര പള്‍പ്പില്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് പേസ്റ്റ് പോലെ ആക്കാം. ഇത് ഉറങ്ങുന്നതിന് മുന്‍പ് കണ്ണിന് ചുറ്റും പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ കോട്ടണ്‍ പാഡ് ഉപയോഗിച്ച് നീക്കാം.
Content Highlights: Relax Your Eyes With These DIY Eye Masks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..