നേഹ കക്കറും റോഹൻ പ്രീതും വിവാഹ ചടങ്ങുകളിൽ നിന്ന് | Photo: instagram.com|nehakakkar|
പാൻഡെമിക് കാലത്തെ വിവാഹാഘോഷത്തിന്റെ തിരക്കിലാണ് ഗായിക നേഹ കക്കർ. ഒക്ടോബർ 24നാണ് നേഹയും ഗായകൻ റോഹൻ പ്രീത് സിങ്ങും വിവാഹിതരായത്. മാറ്റൊട്ടും കുറയാത്ത വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ നിറയുകയാണ്. ഹിന്ദു- സിഖ് ആചാരപ്രകാരം നടന്ന വിവാഹങ്ങളുടെ ചിത്രങ്ങളും വൈറലാവുകയാണ്. രണ്ടു ചടങ്ങുകളിലുമായി ഇരുവരും ധരിച്ച വസ്ത്രങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.
പകൽ സമയത്തു നടന്ന സിഖ് വിവാഹത്തിൽ പിങ്ക് നിറത്തിലുള്ള ലെഹംഗ ചോളിയാണ് മുപ്പത്തിരണ്ടുകാരിയായ നേഹ തിരഞ്ഞെടുത്തത്. പല നിറത്തിലുള്ള എംബ്രോയ്ഡറി ഡിസൈൻ കൂടിയായപ്പോൾ വസ്ത്രം കൂടുതൽ മനോഹരമായി. പിങ്ക് നിറത്തിലുള്ള ദുപ്പട്ടയാണ് ലെഹംഗയ്ക്കൊപ്പം താരം ധരിച്ചത്. ലെഹംഗയോട് ചേരുന്ന വിധത്തിലുള്ള ആഭരണങ്ങളാണ് താരം ഈ ചടങ്ങിനു വേണ്ടി അണിഞ്ഞത്. പിങ്ക് നിറത്തിൽ കഴുത്തു നിറഞ്ഞു കിടക്കുന്ന ചോക്കറും വലിയ കമ്മലുമൊക്കെ നേഹയെ അസ്സൽ പഞ്ചാബി വധുവാക്കി. ഇതേ നിറത്തിലുള്ള ഷെർവാണിയിലാണ് റോഹൻ പ്രീതും ചടങ്ങിനെത്തിയത്.
രാത്രിയിൽ നടന്ന ഹിന്ദു വിവാഹത്തിൽ കടുംനിറത്തിലുള്ള ചുവപ്പ് ലെഹംഗ ധരിച്ചാണ് നേഹയെത്തിയത്. ഫാൽഗുനി- ഷെയ്ൻ പീകോക് ഡിസൈൻ ചെയ്ത ലെഹംഗയാണ് നേഹ ധരിച്ചത്. ചതുരാകൃതിയിലുള്ള കഴുത്തും വെള്ളി നിറത്തിലുള്ള എംബ്രോയ്ഡറിയുമാണ് പ്രത്യേകത. ലെഹംഗയ്ക്കൊപ്പം രണ്ടു ദുപ്പട്ടയും നേഹ ധരിച്ചിരുന്നു. അവയിലൊന്ന് തോൾവശത്തുകൂടി ഇടുകയും മറ്റൊന്ന് മൂടുപടമായി ധരിക്കുകയും ചെയ്തു. കുന്ദൻ നെക്പീസും അതിനോടു ചേരുന്ന കമ്മലും മൂക്കുത്തിയുമൊക്കെ നേഹയെ കൂടുതൽ സുന്ദരിയാക്കി.
ഇരുവരുടെയും റിസപ്ഷൻ ചടങ്ങിൽ നിന്നുള്ള വീഡിയോകളും വൈറലാവുന്നുണ്ട്. വെള്ള നിറത്തിലുള്ള മനോഹരമായ ലെഹംഗയാണ് റിസപ്ഷനു വേണ്ടി നേഹ ധരിച്ചത്. ഒപ്പം ധരിച്ച വജ്രാഭരണങ്ങളും വെള്ള നിറത്തിൽ ഡിസൈനുകളോടെയുള്ള ദുപ്പട്ടയും നേഹയെ മനോഹരിയാക്കി.
Content Highlights: neha kakkar wedding day pics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..