വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo: instagram/ sarahdahll
ഫാഷന്‍ ഷോ എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക റാംപ് വാക്കായിരിക്കും. എപ്പോഴും കണ്ടുശീലിച്ചതാണ് ഇത്തരത്തിലുള്ള റാംപ് വാക്കുകള്‍. അതില്‍ നിന്ന് ഒരു മോചനം എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും. ഇത്തരത്തില്‍ ഫാഷന്‍ ഷോകളില്‍ പുതുമകളും വ്യത്യസ്തകളും കൊണ്ടുവരാനാണ് ഇപ്പോള്‍ ഡിസൈനര്‍മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും മോഡലുകളും ശ്രമിക്കുന്നത്.
കോപ്പന്‍ഹേഗില്‍ നടന്ന ഫാഷന്‍ വീക്കില്‍ അത്തരമൊരു പരീക്ഷണം നടന്നു. വിന്റര്‍ 2023 ഷോയില്‍ ഡിസൈനര്‍മാരായ സഹോദരങ്ങളായ നന്ന വിക്കും സിമോണ്‍ വിക്കുമാണ് എല്ലാവരും അദ്ഭുതപ്പെടുത്തിയ ഈ റാംപ് വാക്കിന് പിന്നില്‍.
സിമോണിന്റെ പങ്കാളിയായ സാറ ഡാലിങ്ങായിരുന്നു മോഡല്‍. ഭക്ഷണവും പാത്രങ്ങളും നിറഞ്ഞ മേശവിരിയും വലിച്ചായിരുന്നു സാറയുടെ റാംപ് വാക്ക്. പെട്ടെന്നുള്ള ഈ നീക്കത്തില്‍ കാണികളെല്ലാം അമ്പരന്നു.
ഷോ വീക്ഷിച്ച് ടേബിളിന് ചുറ്റും ഇരിക്കുകയായിരുന്നു സാറയും സിമോണും നന്നയും. പെട്ടെന്നാണ് ഗ്ലാസില്‍ സ്പൂണ്‍ കൊണ്ട് അടിച്ച സാറ ശബ്ദമുണ്ടാക്കിയത്. ഇതോടെ എല്ലാവരുടേയും ശ്രദ്ധ സാറയിലേക്ക് തിരിഞ്ഞു. പിങ്ക് ഓഫ് ഷോള്‍ഡര്‍ ടോപ്പും ലോങ് സ്‌കര്‍ട്ടും അണിഞ്ഞിരുന്ന സാറ എഴുന്നേറ്റ് അല്‍പനേരം നിന്നു. പിന്നീട് പെട്ടെന്ന് നടന്നുനീങ്ങി. റാംപ് വാക്ക് പോലെയായിരുന്നു ആ നടത്തം. അതിനൊപ്പം വൈന്‍ ഗ്ലാസും പ്ലേറ്റും ഭക്ഷണ സാധനങ്ങളും നിരത്തിവെച്ച മേശവിരിയും നീങ്ങി. ചില ഗ്ലാസുകളും പാത്രങ്ങളും പൊട്ടി താഴെ വീഴുകയും ചെയ്തു. അപ്പോഴാണ് ആ മേശവിരിയും സാറയുടെ വസ്ത്രത്തിന്റെ ഭാഗമാണെന്ന് കാണികള്‍ക്ക് മനസിലായത്. പലരും അമ്പരന്നു. പിന്നാലെ എല്ലാവരും കൈയടിച്ചു.
ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം ഒരു ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സിമോണിനും നന്നയ്ക്കും നന്ദി പറഞ്ഞുള്ള നീണ്ട കുറിപ്പും സാറ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിന്റെ ആറ്റിറ്റിയൂഡിനേയും ഡിസൈനറുടെ ആശയത്തേയുമെല്ലാം അഭിനന്ദിച്ച് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
Content Highlights: Model walks ramp in dress featuring table cloth with food on it
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..