Photos: Facebook
ഒരു കുഞ്ഞ് ഭൂമിയില്‍ പിറക്കുന്നതോടെ അമ്മയും അച്ഛനും കൂടിയാണ് ജനിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചയിലെ ഉത്തരവാദിത്തം അമ്മയ്ക്കും അച്ഛനും ഒരുപോലെയാണ്. അമ്മയ്ക്ക് മെറ്റേണിറ്റി ലീവ് നല്‍കുന്നതുപോലെ പലരാജ്യങ്ങളും ഇന്ന് അച്ഛന് പെറ്റേണിറ്റി ലീവും നല്‍കുന്നുണ്ട്. ഇപ്പോഴിതാ എല്ലാ അച്ഛന്മാര്‍ക്കും മാതൃകയാവുന്നൊരു പോസ്റ്റാണ് വൈറലാകുന്നത്. ഭാര്യയുടെ മാതൃത്വത്തെക്കുറിച്ച് വില്യം ട്രൈസ് എന്ന യുവാവ് പങ്കുവച്ച കുറിപ്പ് ഓരോ അമ്മമാരുടേയും അച്ഛന്മാരുടേയും മനംകവരും.
തങ്ങളുടെ കുഞ്ഞ് റോമന്‍ ക്രീഡിനോട് ഭാര്യ ലോറെന്‍ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്നു പറയുകയാണ് വില്യം. എന്തുവന്നാലും ഭാര്യക്കായിരിക്കും മുന്‍ഗണനയെന്നു പറയുന്ന വില്യം ഭാര്യ കുഞ്ഞിനുവേണ്ടി മാനസികമായും ശാരീരികമായും എത്രത്തോളം ത്യജിച്ചിട്ടുണ്ടെന്നും കുറിക്കുന്നു. കുഞ്ഞ് ജനിക്കുന്നതോടെ അമ്മയേക്കാള്‍ പ്രാധാന്യം കുഞ്ഞിനുമാത്രം നല്‍കുന്നവര്‍ അമ്മയേക്കൂടി മനസ്സിലാക്കാന്‍ പഠിക്കണമെന്നു പറയുകയാണ് വില്യം.
കുറിപ്പിന്റെ പൂര്‍ണരൂപത്തിലേക്ക്
''ഒമ്പതു മാസത്തോളം നിനക്കറിയുന്നത് നിന്റെ അമ്മയെ മാത്രമായിരുന്നു. നിന്നെ എന്റെ കൈകളില്‍ എടുക്കും മുമ്പ് അമ്മ നിന്നെ ചേര്‍ത്തുപിടിച്ചു. നിനക്കു വേണ്ടി എന്റെ സമയം ത്യജിക്കും മുമ്പ് നിന്റെ അമ്മ സന്തോഷത്തോടെ അവളുടെ ശരീരം ത്യജിച്ചു. നീ അസ്വസ്ഥനാകുമ്പോള്‍ ഞാന്‍ ആശ്വസിപ്പിക്കും മുമ്പ് അമ്മ തന്റെ ഹൃദയമിടിപ്പോടെ ആശ്വസിപ്പിച്ചു. നീ അശാന്തനായപ്പോള്‍ അമ്മയുടെ ശബ്ദം കൊണ്ട് നിന്നെ സുരക്ഷിതനാക്കി. നിനക്കു വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്യും മുമ്പ് അമ്മ എല്ലാം നല്‍കി. നിന്നെ ഞാനിന്ന് ചേര്‍ത്തുപിടിക്കാന്‍ കാരണം നിന്റെ അമ്മയാണ്. നിന്റെ ജീവിതം, സുരക്ഷിതത്വം, നിലനില്‍പ് എല്ലാം അമ്മയെ ആശ്രയിച്ചാണിരിക്കുന്നത്. എനിക്കൊരിക്കലും പകരംവീട്ടാന്‍ കഴിയാത്ത കാര്യം.
അമ്മയ്ക്ക് നിന്നോടുള്ള സ്‌നേഹത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാന്‍ ഒരുപാടുകാലമെടുക്കും. പക്ഷേ ഒരിക്കല്‍, നിനക്ക് കുട്ടികള്‍ പിറക്കുമ്പോള്‍ മനസ്സിലാകും ഞാനെന്താണ് പറയുന്നതെന്ന്. ഞാന്‍ നിന്നെ ഇറുകെപിടിക്കും, പക്ഷേ അതിനേക്കാളുപരി നിന്റെ അമ്മയെ ഇറുകെചേര്‍ത്തുപിടിക്കും. കാരണം ഒരു അമ്മയുടെ സ്‌നേഹത്തിന്റെ വ്യാപ്തി മനസ്സിലാകുംതോറും നിന്നോടുള്ള സ്‌നേഹവും വളരും.''
പോസ്റ്റിനു കീഴെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. ഒരു കുട്ടിയെ സ്‌നേഹിക്കാനുള്ള ഏറ്റവും മികച്ച വഴി അവന്റെ അമ്മയെ സ്‌നേഹിക്കുകയാണെന്നും എല്ലാ സ്ത്രീകളും ഇതുപോലെ പ്രശംസിക്കപ്പെടണമെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: Man Writes Letter To Infant Son about His Wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..