ഡയാന രാജകുമാരി, കിം കർദാഷിയാൻ|photo:instagram.com/sothebys/,instagram.com/kimkardashian/
ഡയാന രാജകുമാരിയുടെ അമൂല്യമായ വജ്രമാല സ്വന്തമാക്കി പ്രശസ്ത റിയാലിറ്റിഷോ താരം കിം കര്ദാഷിയാന്. വജ്രം പതിച്ച വലിയ കുരിശിന്റെ ലോക്കറ്റാണ് ഈ മാലയുടെ പ്രത്യേകത. 'അറ്റെലാ ക്രോസ്' എന്നാണ് ഈ മാലയുടെ പേര്. ചരിത്രപ്രസിദ്ധിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തന്റേതാക്കുന്നതില് കിമ്മിനുള്ള താത്പര്യം ഇതിന് മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞതാണ്.
ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി നിരവധി കോസ്മറ്റിക് സര്‍ജറികള്‍ക്ക് വിധേയയായ താരമാണ് കിം. കിമ്മിന് സാമൂഹിക മാധ്യമങ്ങളില്‍ കോടിക്കണക്കിന് ഫോളോവേഴ്സാണുളളത്. ഇതിന് മുന്‍പ് പ്രശസ്ത നടി മെര്ലിന് മണ്‍റോയുടെ ഗൗണ്‍ വാടകയ്ക്ക് എടുത്ത് കിം ശ്രദ്ധ നേടി.
മെര്‍ലിന്റെ ഗൗണ്‍ ധരിച്ചാണ് ഒരു തവണ ഫാഷന്റെ ഉത്സവമായ 'മെറ്റ് ഗാല'യില്‍ കിം വാര്‍ത്താപ്രാധാന്യം നേടിയത്. മെര്‍ലിന്റെ ഗൗണിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന പേരിലും വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡയാനയുടെ വിശിഷ്ടമായ വജ്രമാല കിം സ്വന്തമാക്കുന്നത്.
ഡയാന രാജകുമാരിയുടെ ഏറ്റവും ശ്രദ്ധേയമായ ഈ ആഭരണം കിം ലേലത്തിലൂടെയാണ് വാങ്ങിയത്. ന്യൂയോര്‍ക്കിലെ സോതബീസ് ലേലകേന്ദ്രത്തില്‍ ബുധനാഴ്ചയാണ് ഇതിന്റെ ലേലം നടന്നത്. ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപയാണ് ഈ മാലയുടെ വില. 1920-കളില്‍ ബ്രിട്ടീഷ് ആഭരണനിര്‍മ്മാതാക്കളായ ജെറാര്‍ഡാണ് ഈ മാല രൂപകല്‍പ്പന നല്‍കിയത്.
1987-ല്‍ ഒരു ചടങ്ങിന് ഇതണിഞ്ഞ് ഡയാനയെത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. താഴേയ്ക്ക് നീണ്ടുകിടക്കുന്ന വലിയ കുരിശുമാലയ്ക്ക് അന്നേ വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നു. വെള്ളവും പര്‍പ്പിള്‍ നിറവും നിറഞ്ഞതാണ് ഇതിന്റെ കുരിശ് ലോക്കറ്റ്. അന്ന് ഡയാന ധരിച്ചിരുന്നതും പര്‍പ്പിള്‍ നിറമുള്ള ഗൗണായിരുന്നു.
ലോക്കറ്റിന്റെ വലിപ്പം കൊണ്ടാണ് ഈ മാല ശ്രദ്ധ പിടിച്ചുപറ്റിയത്. അക്കാലത്ത് വലിപ്പമുള്ള ആഭരണങ്ങള്‍ അത്ര വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നില്ല. ഇന്നും വലിയ ലോക്കറ്റുകള്‍ ധരിക്കുന്നത് ട്രെന്ഡിങ്ങല്ല. അത്തരത്തില്‍ സവിശേഷതകള്‍ നിറഞ്ഞ മാലയാണ് കിം തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
Content Highlights: Kim Kardashian, Princess Diana, Attallah Cross pendant,Sotheby’s royal and noble sale
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..