കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും | Photo: instagram/ kiara advani
രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് രാജകീയ വിവാഹത്തിനാണ്. ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും എല്ലാ തരത്തിലുമുള്ള പ്രൗഢിയോടും കൂടി ഒരുമിച്ചുള്ള ജീവിതത്തിന് തുടക്കമിട്ടു. വജ്രങ്ങളും മരതകങ്ങളും കൊണ്ട് നിര്‍മിച്ച ആഭരണങ്ങളും മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും ചടങ്ങിന്റെ മാറ്റ് കൂട്ടി.
ഇളം പിങ്ക് നിറവും ഗോള്‍ഡന്‍ നിറവും ചേര്‍ന്നുള്ള ലെഹങ്കയാണ് മനീഷ് മല്‍ഹോത്ര വധു കിയാരയ്ക്കായി ഒരുക്കിയത്. സ്വര്‍വോസ്‌കി ക്രിസ്റ്റലുകള്‍കൊണ്ട് അലങ്കരിച്ച ലെഹങ്കയില്‍ കിയാര കൂടുതല്‍ സുന്ദരിയായി. റോമന്‍ വാസ്തുശില്‍പത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലെഹങ്കയിലെ എംബ്രോയ്ഡറി ചെയ്തത്.
മനീഷ് മല്‍ഹോത്രയുടെ തന്നെ ആഭരണ കളക്ഷനിലുള്ള വജ്രാഭരണങ്ങളാണ് വധു ഇതിനോടൊപ്പം അണിഞ്ഞത്. സാംബിയന്‍ മരതകക്കല്ലുകള്‍ ചേര്‍ത്താണ് ഈ വജ്രമാലയും കമ്മലും വളകളും ഒരുക്കിയത്.
മെറ്റാലിക് ഐവറി ആന്റ് ഗോള്‍ഡ് നിറത്തിലുള്ള ഷെര്‍വാണി ആയിരുന്നു വരന്റെ വേഷം. ഐവറി ത്രെഡ് വര്‍ക്കും ഗോള്‍ഡന്‍ സര്‍ദോസിയും ചേര്‍ന്ന ഷെര്‍വാണിയില്‍ സിദ്ധാര്‍ഥ് കൂടുതല്‍ സുന്ദരനായി. അണ്‍കട്ട് ഡയമണ്ട് പോല്‍ക്കി ആഭരണങ്ങളാണ് ഇതിനൊപ്പം വരന്‍ അണിഞ്ഞത്. ഷെര്‍വാണിക്കൊപ്പം ഹെവി വര്‍ക്കുകളുള്ള സ്റ്റോണും ടര്‍ബനും കൂടി സിദ്ധാര്‍ഥ് ധരിച്ചിരുന്നു.
ഫെബ്രുവരി നാല് മുതല്‍ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായിട്ടായിരുന്നു ചൊവ്വാഴ്ച്ച നടന്ന വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. ജൂഹി ചൗള, മിറ രജ്പുത്, കരണ്‍ ജോഹര്‍, ഇഷ അംബാനി, മനീഷ് മല്‍ഹോത്ര, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പരസ്യമാകാതിരിക്കാന്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കിയാരയും സിദ്ധാര്‍ഥുമാണ് വിവാഹ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത്. മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയും വേണമെന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഷെര്‍ഷ എന്ന സിനിമയിലെ 'അബ് ഹമാരി പെര്‍മനന്റ് ബുക്കിങ് ഹോ ഗയി ഹേ' എന്ന ഡയലോഗും അവര്‍ കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ ആശംസാ കമന്റുകളുമായി നിരവധി സെലിബ്രിറ്റികള്‍ എത്തി. ഫെബ്രുവരി 12-ന് ഇരുവരും മുംബൈയില്‍ വിവാഹ സല്‍ക്കാരം ഒരുക്കുമെന്നാണ് വിവരങ്ങള്‍. ഇതിന് പിന്നാലെ ഡല്‍ഹിയിലും ഇവര്‍ വിരുന്നൊരുക്കും.
നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം ലസ്റ്റ് സ്‌റ്റോറിയുടെ പാക്ക് അപ് പാര്‍ട്ടിക്കിടേയാണ് ഇരുവരും കണ്ടുമുട്ടത്. പിന്നീട് ഷെര്‍ഷ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചു. ഈ സിനിമയുടെ ചിത്രീകരണവേളയിലാണ് പ്രണയത്തിലാകുന്നത്.
Content Highlights: kiara advani and sidharth malhotras dreamy wedding attire designed by manish malhotra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..