Photos: facebook.com|humansofbombay
വിവാഹശേഷമാകും തിരഞ്ഞെടുത്ത പങ്കാളിയുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്ന് പലരും തിരിച്ചറിയുക. എന്നാൽ വിവാഹത്തോടെ പിന്നീടൊരു തിരിച്ചു പോക്കില്ലാത്ത വിധം പെൺമക്കൾക്ക് യാത്ര പറയുന്ന കുടുംബങ്ങളുണ്ട്. അത്തരം കുടുംബ പശ്ചാത്തലത്തിലേക്ക് തിരികെ പോകാനും കൂട്ടിന് കുടുംബത്തിന്റെ പിന്തുണ ഇല്ലാത്തവരുമൊക്കെയാണ് ആത്മഹത്യകളിൽ ഉൾപ്പെടെ അഭയം തേടുന്നത്. മോശം വിവാഹബന്ധത്തിൽ നിന്ന് തിരികെ വരാൻ ശ്രമിച്ചാൽ കുടുംബം കൂടെ നിൽക്കുമ്പോഴുള്ള സാന്ത്വനവും കരിയർ ഉൾപ്പെടെയുള്ള സ്വപ്നങ്ങൾ കീഴടക്കിയതിനെക്കുറിച്ചും ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഭുവനേശ്വരി എന്ന യുവതിയാണ് തന്റെ അനുഭവം ഹ്യൂമൻസ് ഓഫ് ബോംബെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവെക്കുന്നത്. വീഡിയോക്കൊപ്പം തന്റെ ജീവിതത്തെക്കുറിച്ച് നീണ്ട കുറിപ്പും ഭുവനേശ്വരി പങ്കുവെച്ചിട്ടുണ്ട്. പ്രണയിച്ചു വിവാഹം കഴിക്കുകയും ഒടുവിൽ ഒത്തുചേരാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ തനിച്ച് ജീവിതം നയിക്കുകയും ഇന്ന് ഒരു ഐടി കമ്പനിയുടെ സിഎംഒ പദവി വരെ എത്തുകയും ചെയ്തയാളാണ് ഭുവനേശ്വരി.
തനിക്ക് നാൽപത്തിയൊന്ന് വയസ്സാണെന്നും വിവാഹമോചിതയായ, മക്കളില്ലാത്ത തന്നോട് പലരും വീണ്ടും വിവാഹം കഴിക്കാനും കരിയറല്ല പ്രധാനമെന്നും ഒരു പുരുഷനില്ലാതെ ജീവിതം പൂർണമാകില്ല എന്നും പറയാറുണ്ടെന്ന് ഭുവനേശ്വരി വീഡിയോയിൽ പറയുന്നു. ആളുകൾ തന്നോട് സ്വാർഥയാവരുതെന്ന് പറയാറുണ്ട്, പക്ഷേ അതൊന്നും തന്നെ ബാധിക്കുന്നവ അല്ലെന്നും ഒരു മോശം വിവാഹബന്ധത്തിൽ നിന്നു പുറത്തുവന്ന താനിപ്പോൾ മികച്ച കരിയറും സന്തോഷം നിറഞ്ഞ ജീവിതവും നയിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു.
കുറിപ്പിലേക്ക്...
മൂന്നു തലമുറയിലെ സ്ത്രീകളും ജോലി ചെയ്യുന്ന ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ടുതന്നെ ലക്ഷ്യബോധമുണ്ടാവുകയും ബിരുദത്തിനുശേഷം വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന ദിശാബോധവും ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയിരിക്കെയാണ് അവസാന വർഷത്തിൽ അവനെ കണ്ടുമുട്ടന്നത്.
പത്തൊമ്പതു വയസ്സായിരുന്നു എനിക്ക്. ഞാൻ അവനിൽ ആകൃഷ്ടനായി. അതിനാൽ തന്നെ അവന്റെ കുറവുകളൊന്നും ഞാൻ കണ്ടില്ല. ഒരിക്കൽ ഞാനവനെ കളിയാക്കി ഒരുപേരു വിളിത്തപ്പോൾ വളരെയധികം ദേഷ്യപ്പെട്ടു. പക്ഷേ ഞാനത് അവഗണിക്കുകയും അവനൊപ്പം നിൽക്കുകയും ചെയ്തു.
വിവാഹത്തിന് മുമ്പ് നാലുവർഷത്തോളം ഞങ്ങൾ പ്രണയിച്ചു. ആ നാലുവർഷങ്ങൾക്കിടയിൽ അവന്റെ ദേഷ്യം പുറത്തുചാടിയ ചില സംഭവങ്ങളുണ്ടായിരുന്നു. പക്ഷേ ഞാനതെല്ലാം അവഗണിച്ചു. അമ്മയ്ക്കും അച്ഛനും ഞങ്ങൾ ഒന്നിക്കുന്നതിനോട് താൽപര്യം ഉണ്ടായിരുന്നില്ല, പക്ഷേ എന്റെ സന്തോഷം മുൻനിർത്തി അവർ സമ്മതിച്ചു.
വിവാഹദിനത്തിന്റെ അന്ന് ബാർബിക്യു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവസാനം എന്റെ ജീവിതത്തിലെ പ്രണയിയെ വിവാഹം കഴിച്ചതിൽ സന്തുഷ്ടയായിരുന്നു ഞാൻ. പക്ഷേ ജീവിതം എനിക്ക് മുന്നിൽ അപ്രതീക്ഷിതമായ മറ്റൊരു കാര്യം ഒരുക്കിയത് ഞാനറിഞ്ഞിരുന്നില്ല. പാർട്ടിക്കിടെ ആരോ അവനെ മുറിപ്പെടുത്തുന്ന എന്തോ പറഞ്ഞിരുന്നു. അതിന്റെ പേരിൽ എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ അടിച്ചു, അതെനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
ഞാൻ ഓടിപ്പോയി മുറിയിൽ കയറി വാതിലടച്ചു. അയാൾ വാതിലിനു പുറത്തു നിന്ന് അലറുന്നുണ്ടായിരുന്നു, അന്നു ഞങ്ങളുടെ വിവാഹ ദിനമായിരുന്നു. ഇങ്ങനെയായിരുന്നില്ല അത് ആവേണ്ടിയിരുന്നത്, എനിക്ക് വളരെയധികം ഭയം തോന്നി.
അടുത്ത ദിവസം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ അദ്ദേഹം പെരുമാറി. ആ സംഭവം ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം അക്രമസ്വഭാവം തുടർന്നുകൊണ്ടേയിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും മദ്യവുമായി ഇരിക്കും. ഓരോ തവണ കുടിച്ചു കഴിഞ്ഞാലും കൂടുതൽ അധിക്ഷേപിക്കാൻ തുടങ്ങും. ആരോടും വിശ്വസിച്ച് കാര്യങ്ങൾ പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല- ഈ പുരുഷനൊപ്പം ജീവിക്കാൻ ലോകത്തോടാകെ പോരാടിയതായിരുന്നു.
പക്ഷേ ഒന്നിച്ചുള്ള ജീവിതം കൂടുതൽ കടുപ്പമായി വന്നു. അദ്ദേഹം എന്നിൽ പ്രശ്നങ്ങൾ കണ്ടെത്തിക്കൊണ്ടേയിരുന്നു. ഒരുവർഷം കഴിഞ്ഞപ്പോൾ അയാൾ ഇന്തോനേഷ്യയിലേക്ക് പോവുകയും ഒരു കാര്യം പ്രഖ്യാപിക്കുകയും ചെയ്തു, താനിനി തിരിച്ചു വരുന്നില്ല എന്നും വേറൊരാളെ കണ്ടെത്തി എന്നുമായിരുന്നു അത്. ഇക്കാര്യം പറയാൻ അച്ഛനെ വിളിച്ചു. ഇനി അവനെ തിരിച്ചു വിളിക്കേണ്ട, വീട്ടിലേക്കു വരൂ, ഞങ്ങളുണ്ട് നിനക്ക്- എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
ഒരുരീതിയിൽ പറഞ്ഞാൽ ഞാന് കടപ്പെട്ടിരിക്കുന്നുണ്ട്, എന്റെ പേടിസ്വപ്നം അതോടെ അവസാനിച്ചു. ആ സംഭവത്തിനു ശേഷം ഞാൻ തിരികെ നോക്കിയിട്ടില്ല. ഞാൻ കരിയറിലും എന്നിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങുകയും പതിയെ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തു. പക്ഷേ മൂന്നുവർഷം കഴിഞ്ഞപ്പോൾ അവൻ തിരിച്ചുവന്നു,എന്നെ തിരികെ വേണമെന്നായിരുന്നു ആവശ്യം. എന്നാൽ അവളെ ഏറെക്കുറെ ഇല്ലാതാക്കിയ ജീവിതത്തിലേക്ക് അവൾ തിരികെ വരില്ല എന്ന് സഹോദരൻ മറുപടി നൽകി. വൈകാതെ വിവാഹമോചനത്തിന് ഫയൽ ചെയ്തു.
അത് പതിനേഴ് വർഷങ്ങൾക്ക് മുമ്പാണ്. ഇന്ന് ഞാൻ ഒരു ഐടി കമ്പനിയുടെ സിഎംഒ ആണ്. എന്റെ ഇഷ്ടത്തിന് ജീവിക്കുന്നു. ഏറ്റവും പ്രധാനമായി ഈ ജീവിതത്തിൽ ഞാൻ സംതൃപ്തയാണ്.
Content Highlights: inspiring life of bhuvaneswari, overcoming abusive relationship, divorce, humans of bombay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..