-
ചര്‍മം എന്നും മനോഹരമായിരിക്കണോ, രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും. ഇനി വല്ലപ്പോഴും രാത്രി മേക്കപ്പ് നീക്കാന്‍ മറന്നെങ്കിലും പേടിക്കേണ്ട. രാവിലെ ഉണരുമ്പോള്‍ തന്നെ ചര്‍മത്തിന് കൃത്യമായ പരിചരണം നല്കിയാല് മതി.
1. മേക്കപ്പ് മാറ്റാന്‍ മറന്നെങ്കില്‍ ഉണരുമ്പോഴേ കൈകള്‍ കൊണ്ട് ചര്‍മത്തില്‍ തൊടുന്നത് ഒഴിവാക്കാം. മുഖത്ത് കുരുക്കളോ ചൊറിച്ചിലോ എന്തെങ്കിലും തോന്നിയാല്‍ കൈകൊണ്ട് തടവുന്നതും പൊട്ടിക്കുന്നതുമൊക്കെ ദോഷം ചെയ്യും. പകരം ശുദ്ധജലത്തില്‍ മുഖം കഴികാം
2. ആദ്യം ഓയില്‍ ബേസ്ഡ് മേക്കപ്പ് റിമൂവര്‍ പുരട്ടി മേക്കപ്പ് മാറ്റാം. ഇനി ക്രീം ബേസ്ഡോ ഫോം ക്ലെന്‍സറോ ഉപയോഗിച്ച് വീണ്ടും ചര്‍മം വൃത്തിയാക്കാം. ഇങ്ങനെ ഡബിള്‍ ക്ലന്‍സിങ് വഴിയേ ചര്‍മം പൂര്‍ണമായും വൃത്തിയാവൂ. വീര്യമേറിയ ക്ലെന്‍സറുകളോ സോപ്പോ ഒന്നും ഈ സമയത്ത് മുഖത്ത് ഉപയോഗിക്കരുത്.
3. മസ്കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കണ്ണ് നന്നായി കഴുകുക. വേണമെങ്കില്‍ കൂളിങ് ഐഡ്രോപ്സ് ഉപയോഗിക്കാം.
4. മേക്കപ്പെല്ലാം മാറ്റി, ഇനി ബാക്കിയുള്ള സമയത്ത് ഓഫീസിലേക്കോ മറ്റോ ഓടാന്‍ തയ്യാറായി നില്ക്കുകയാണോ, എങ്കില്‍ ഒരു ഫേസ്മാസ്ക് ഷീറ്റ് അല്പനേരത്തേക്ക് മുഖത്ത് വയ്ക്കാം. ചര്‍മം പഴയതുപോലെ ആകാന്‍ ഇത് സഹായിക്കും. കൂടുതല്‍ സമയമുണ്ടെങ്കില്‍ ചര്‍മത്തിനിണങ്ങുന്ന നാച്വറല്‍ ഫേസ് പായ്ക്ക് പുരട്ടി 15 മിനിറ്റിരിക്കാം.
5. ഇനി സാധാരണ ഉപയോഗിക്കുന്ന മോയിസ്ചറൈസറിനൊപ്പം വിറ്റാമിന്‍ സി സിറം കൂടി പുരട്ടിക്കോളൂ. നിറം മങ്ങിയ ചര്‍മത്തെ പഴയപടിയാക്കാന്‍ ഇത് സഹായിക്കും.
6. പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ചര്‍മത്തില്‍ സണ്‍സ്ക്രീന്‍ പുരട്ടാം. മേക്കപ്പ് വളരെ നേരം തങ്ങി നിന്നതുകൊണ്ട് ചര്‍മം സെന്‍സിറ്റീവായിരിക്കും. വേഗം സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. സണ്‍സ്ക്രീന്‍ ഒഴിവാക്കേണ്ട.
ഇതിനെല്ലാമൊപ്പം ഒരു ദിവസം നോ മേക്കപ്പ് ഡേ ആക്കിക്കോളൂ. ചര്‍മത്തിന്റെ സ്വഭാവികത നിലനിര്‍ത്താന്‍ ഇത് നല്ലതാണ്.
Content Highlights: If slept with makeup on how to undo the damage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..