-
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നമ്മുടെ രുചിക്കൂട്ടുകള്‍ക്ക് ഏറെ പ്രധാനമാണിവ. ഭക്ഷണത്തിന് പ്രത്യേക രുചിയും മണവും നല്‍കാന്‍ ഈ കൂട്ട് കഴിഞ്ഞേ ഉള്ളൂ മറ്റെന്തും. പനി, ചുമ, ജലദോഷം, ഉദരരോഗങ്ങള്‍ എന്നിവയ്ക്കുള്ള മറുമരുന്നാണ്ഇഞ്ചി. ഉയര്‍ന്ന രക്തസമ്മര്‍ദം കുറക്കല്‍, രോഗപ്രതിരോധ ശക്തി കൂട്ടല്‍ എന്നിവയാണ് വെളുത്തുള്ളിയുടെ ഗുണങ്ങള്‍. ചര്‍മ സൗന്ദര്യ സംരക്ഷണത്തിനും ഇഞ്ചി വെളുത്തുള്ളി കൂട്ടുകെട്ടിനെ ഉപയോഗിക്കാമെന്നാണ് പഠനങ്ങള്‍. മുടികൊഴിച്ചില്‍, താരന്‍, ചര്‍മത്തിലുണ്ടാകുന്ന പാടുകൾ, മുഖക്കുരു, സണ്‍ബേണ്‍.... ഇവയ്ക്ക് പരിഹാരമായും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കാം.
വെളുത്തുള്ളിയുടെ ഉപയോഗം
1. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി പിഴിഞ്ഞ് അതിന്റെ നീരെടുക്കുക. അതില്‍ അല്‍പം തേന്‍ ചേര്‍ത്താല്‍ പൊള്ളല്‍ പോലെ തോന്നുന്നത് മാറും. ഇത് മുഖക്കുരുവിന്റെ പാടുകളില്‍ പുരട്ടാം. അഞ്ച് മിനിറ്റിന് ശേഷം കഴുകാം. ചര്‍മത്തിലെ ചുവപ്പ്, തടിപ്പ്, പാടുകള്‍ എന്നിവ മാറാനും ചര്‍മം വരണ്ടുപൊട്ടുന്നത് തടയാനും നല്ലൊരു മാര്‍ഗമാണ് ഇത്.
2. സ്‌ട്രെച്ച് മാര്‍ക്കുകള്‍ പലപ്പോഴും തലവേദനയാണ്. ഗാര്‍ലിക് ജ്യൂസില്‍ ഏതെങ്കിലും നാച്വറല്‍ ഓയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് സ്‌ട്രെച്ച് മാര്‍ക്കുള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്യാം. ഇരുപത് മിനിറ്റിന് ശേഷം കഴുകാം.
3. മുടികൊഴിച്ചില്‍ തടയാനും താരനകറ്റാനും നല്ലതാണ് വെളുത്തുള്ളി നീര്. ഗാര്‍ലിക് ജ്യൂസ് നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന എണ്ണയില്‍ മിക്‌സ് ചെയ്ത തലയോട്ടില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.

ഇഞ്ചിയുടെ ഗുണങ്ങള്‍
1. ചര്‍മത്തിലെ പിഗ്മെന്റേഷന്‍ തടയാന്‍ ഇഞ്ചിനീരിന് പ്രത്യേകകഴിവുണ്ട്. ചര്‍മത്തിലെ പാടുകളിലും പൊട്ടലുകളിലും ഇഞ്ചിയുടെ നീര് പിഴിഞ്ഞെടുത്ത് പുരട്ടാം. നന്നായി ഉണങ്ങിയ ശേഷം മാത്രം കഴുകാം. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്താല്‍ നല്ല ഫലം ലഭിക്കും.
2. സണ്‍ബേണ്‍, ടാനിങ് ഇവയൊക്കെ പ്രശ്‌നമാകുന്നെങ്കില്‍ ഇഞ്ചിയെ കൂട്ടുപിടിക്കാം. ഇതിനായി ഇഞ്ചി ചതച്ചതോ കടയില്‍ നിന്ന് ലഭിക്കുന്ന ജിഞ്ചര്‍ പൗഡറോ ഉപയോഗിക്കാം. ഒരു ബൗളില്‍ തുല്യ അളവില്‍ ഇഞ്ചി പൊടിച്ചത്, തേന്‍, നാരങ്ങാനീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകാം. ചര്‍മം തിളങ്ങാന്‍ ഇത് മതി.
3. വിറ്റാമിനുകള്‍, മിനറലുകള്‍, ഫാറ്റിആസിഡുകള്‍ എന്നിവയുടെ കലവറയാണ് ഇഞ്ചി. അതിനാല്‍ തന്നെ മുടി സമൃദ്ധമായി വളരാനും താരനകറ്റാനും ഇഞ്ചിനീര് വളരെ നല്ലൊരു മാര്‍ഗമാണ്. ഇഞ്ചിനീര് മൂന്ന് ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലില്‍ ചാലിച്ച് തലയോട്ടിയില്‍ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം കഴുകാം. വരണ്ട തലമുടിക്കും മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും തടയാനും ഇങ്ങനെ ചെയ്യാം.
Content Highlights: Ginger And Garlic For Beauty Home Remedies For Skin And Hair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..