Photos: Instagram
പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാനുള്ളതാണെന്നും അധികം പഠിപ്പിക്കരുതെന്നും പറയുന്നവര്‍ ഇന്നുമുണ്ട്. അത്തരക്കാര്‍ക്കൊരു ചുട്ടമറുപടിയാണ് റിതു റാതി തനേജ എന്ന യുവതിയുടെ ജീവിതം. പഠിപ്പിക്കാതെ മകളെ വിവാഹം കഴിപ്പിക്കൂ എന്നു പറഞ്ഞ ബന്ധുക്കള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ തന്റെ മകള്‍ പൈലറ്റാണെന്നു പറയുകയാണ് റിതുവിന്റെ അച്ഛന്‍. ക്യാപ്റ്റന്‍ പദവിയിലിരിക്കുന്ന റിതു നിശ്ചയദാര്‍ഢ്യം കൈവിടാതെ പൊരുതുന്ന ഓരോ പെണ്‍കുട്ടികളുടെയും പ്രതീകമാണ്.
ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക് പേജിലൂടെയാണ് റിതുവിന്റെ കഥ പുറത്തു വന്നിരിക്കുന്നത്. ക്യാപ്റ്റന്‍ മാത്രമല്ല നല്ലൊരു വ്‌ളോഗര്‍ കൂടിയാണ് റിതു. ഇതിനിടയില്‍ രണ്ടുവയസ്സുകാരിയായ മകളുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയില്ല. ക്യാപ്റ്റന്‍ ആണെന്നതു മാത്രമല്ല വ്‌ളോഗറും ഭാര്യയും അമ്മയുമൊക്കെയാണ് എന്നതും തന്നെ അഭിമാനം കൊള്ളിക്കുന്നുവെന്ന് റിതു പറയുന്നു
കുറിപ്പിലേക്ക്
സ്ത്രീകള്‍ ബാധ്യതയാണെന്നു കരുതുന്ന സമൂഹത്തില്‍ തീവ്രമായ ലക്ഷ്യമുണ്ടായിരിക്കുക അത്ര എളുപ്പമല്ല. എനിക്ക് അധികം വിദ്യാഭ്യാസം നല്‍കും മുമ്പ് വിവാഹം കഴിപ്പിച്ചയക്കണം എന്നാണ് ബന്ധുക്കളൊക്കെ കരുതിയിരുന്നത്. പക്ഷേ എന്റെ മാതാപിതാക്കള്‍ വളരെ കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ചു. കോണ്‍ട്രാക്റ്ററായ അച്ഛന്റെ ജോലിയില്‍ നിന്നുള്ള വരുമാനം മാത്രമാണുണ്ടായിരുന്നത്.
ഞാന്‍ ബൈക് റൈഡിങ്ങിലും പ്രാഗത്ഭ്യമുള്ളയാളായിരുന്നു. സ്‌കൂള്‍ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പൈലറ്റാകണമെന്നു പറഞ്ഞപ്പോഴാണ് എനിക്കും ആ ചിന്ത കടന്നുകൂടിയത്. അങ്ങനെ അമേരിക്കയിലെ എട്ടുമാസത്തെ പരിശീലന പരിപാടിക്ക് അപേക്ഷ അയച്ചു. അച്ഛന് ഭയമായിരുന്നു എന്നെ തനിച്ചു വിടുന്നതില്‍. 'അച്ഛാ എന്നെ വിവാഹം കഴിപ്പിച്ചയക്കുന്ന പണം ഈ ട്രെയിനിങ്ങിനു തരൂ ഞാന്‍ അച്ഛന് എന്നെയോര്‍ത്ത് അഭിമാനിക്കാന്‍ അവസരം നല്‍കാം' എന്നു പറഞ്ഞു.
ഞാന്‍ പുറത്തുപോയാല്‍ ആണുങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും നശിച്ചുപോകുന്നതിനു മുമ്പ് അവളെ വിവാഹം കഴിപ്പിച്ചയക്കൂ എന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. പക്ഷേ ഞങ്ങളാരും അതു വകവെച്ചില്ല. ഒന്നരവര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് ഞാന്‍ തിരികെയെത്തിയത്. പക്ഷേ ഒരു ജോലി നേടാന്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടു. ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ എന്നു പറഞ്ഞ് കുടുംബക്കാര്‍ അച്ഛനെ കുറ്റപ്പെടുത്തി.
മസ്തിഷ്‌കാഘാതം സംഭവിച്ച് ആ വര്‍ഷം അമ്മ മരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ലോണുകളും മറ്റുമായി അച്ഛനും കഷ്ടപ്പെടുകയായിരുന്നു. അങ്ങനെ പിന്നീടുള്ള രണ്ടുവര്‍ഷം ഞാന്‍ സൈഡായി മറ്റൊരു ജോലി ചെയ്തു. അവസാനം ഒരു എയര്‍ലൈനില്‍ നിന്ന് എന്നെ കോ പൈലറ്റായി നിയമിച്ചുള്ള അറിയിപ്പ് ലഭിച്ചു. തുടര്‍ന്നുള്ള നാലുവര്‍ഷം, ഒരു മാസത്തില്‍ ഞാന്‍ അറുപതോളം ഫ്‌ളൈറ്റുകള്‍ പറത്തി. ക്യാപ്റ്റനായി പ്രൊമോഷന്‍ ലഭിക്കുകയും ചെയ്തു.
ഈ സമയത്താണ് ഞാന്‍ എന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നത് അദ്ദേഹവും പൈലറ്റായിരുന്നു. ഇന്ന് ഞങ്ങള്‍ക്ക് രണ്ടുവയസ്സുകാരിയായ മകളുമുണ്ട്. ഞങ്ങളുടെ യാത്രകളും ജീവിതവുമൊക്കെ വീഡിയോകളാക്കി വ്‌ളോഗ് ചെയ്യാറുമുണ്ട്.
അച്ഛന്‍ എന്നെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം, എന്റെ മകള്‍ ക്യാപ്റ്റനാണെന്ന് അദ്ദേഹം കുടുംബക്കാരോട് പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഞാനൊരു ക്യാപ്റ്റന്‍ ആണെന്നതു മാത്രമല്ല വ്‌ളോഗറും ഭാര്യയും അമ്മയുമൊക്കെയാണ് എന്നതോര്‍ത്താണ് ഞാന്‍ അഭിമാനം കൊള്ളുന്നത്. എന്റെ സ്വപ്‌നങ്ങള്‍ക്ക് അതിരുകളിടാന്‍ ഞാന്‍ ആരെയും അനുവദിക്കുകയുമില്ല.
Content Highlights: Captain Mom YouTuber Life of Ritu rathee taneja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..