Photos: instagram.com|viralbhayani|
വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നവരിൽ സെലിബ്രിറ്റിയെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. പൊതുയിടത്തിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നതിനാൽ സെലിബ്രിറ്റികൾ ഒരുപടി കൂടി കടന്ന് ക്രൂരമായ ട്രോളുകൾക്ക് ഇരയാകാറുണ്ട്. വസ്ത്രസ്വാതന്ത്ര്യം അതാതു വ്യക്തിയിൽ മാത്രം നിക്ഷ്പ്തമാണെന്നു തിരിച്ചറിയാതെ അപരന്റെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുന്നവർ ഈ കാലത്തുമുണ്ടെന്നതാണ് വസ്തുത. അത്തരത്തിൽ വസ്ത്രധാരണത്തിന്റെ പേരിൽ ക്രൂരമായ ട്രോളുകൾ ഏറ്റുവാങ്ങിയ ചില ബോളിവുഡ് താരങ്ങളെ കാണാം.
പ്രിയങ്ക ചോപ്ര
ബിടൗണും കടന്ന് ഹോളിവുഡും കീഴടക്കിയ താരം. സ്റ്റൈലിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ല പ്രിയങ്ക ചോപ്ര. റെഡ് കാർപെറ്റ് ലുക്കുകളിലും പ്രിയങ്ക വ്യത്യസ്തത സൂക്ഷിക്കാറുണ്ട്. അത്തരത്തിൽ 2020 ലെ ഗ്രാമി അവാർഡിനായി പ്രിയങ്ക ധരിച്ച വസ്ത്രം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മനോഹരമായ ഐവറി ഗൗണിന്റെ നെക് ലൈന്‍ അൽപം ഇറക്കം കൂടിപ്പോയതാണ് സദാചാരക്കാരെ അമ്പരപ്പിച്ചത്. ഇതോടെ യുവാക്കൾക്ക് പ്രിയങ്ക നൽകുന്ന സന്ദേശം എന്താണെന്നും ഇന്ത്യൻ സംസ്കാരത്തെ തകിടം മറിച്ചുവെന്നും തുടങ്ങി വിമർശനപ്പെരുമഴയാണ് പ്രിയങ്ക ഏറ്റുവാങ്ങിയത്.
സാറ അലി ഖാൻ
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മൂത്ത പുത്രി. സാറയുടെ ബിടൗണിലേക്കുള്ള ചുവടുവെപ്പും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വണ്ണം കുറച്ചതിനെക്കുറിച്ചും മേക്കോവർ ചെയ്തതിനെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് സാറ. താരവും ഇത്തരത്തിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ ട്രോളുകൾ നേരിടേണ്ടി വന്നു. മഞ്ഞ നിറത്തിലുള്ള ഓഫ് ഷോൾഡർ ടോപ്പും റിപ്പഡ് ജീൻസുമായിരുന്നു സാറ ധരിച്ചത്. റിപ്പഡ് ജീൻസിന്റെ പേരിൽ സാറ ഏറെ പഴികേട്ടു. താരത്തിന് ഫാഷൻ സെൻസ് ഇല്ലെന്നും പുതിയ ജീൻസ് വാങ്ങാൻ പൈസയില്ലായിരിക്കുമെന്നൊക്കെയാണ് കമന്റുകൾ വന്നത്.
ദീപിക പദുക്കോൺ
ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നാൾമുതൽ ഇന്നോളം താരമൂല്യത്തിൽ ഒട്ടും കുറവുവരാത്ത നടിയാണ് ദീപിക പദുക്കോൺ. ഫാഷന്റെ കാര്യത്തിലും ദീപിക വിട്ടുവീഴ്ച ചെയ്യാറില്ല. ഒരിക്കൽ ദീപികയ്ക്കും വസ്ത്രത്തിന്റെ പേരിൽ ക്രൂരമായ ട്രോളുകൾ നേരിടുകയുണ്ടായി. ഒരു ഫാഷൻ മാഗസിനുവേണ്ടി ദീപിക ധരിച്ച വസ്ത്രമാണ് ചർച്ചയായത്. ട്രഡീഷണൽ രീതിയിലുള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള ദീപികയുടെ ബോൾഡ് ലുക് പലർക്കും അത്ര പിടിച്ചില്ല. വെള്ളനിറത്തിലുള്ള വസ്ത്രത്തെ പലരും അടിവസ്ത്രമായി താരതമ്യം ചെയ്യുകയും വൾഗറാണെന്ന് പറയുകയും ചെയ്തു.
ഫാത്തിമ സന ഷെയ്ഖ്
ദംഗൽ എന്ന ഒരൊറ്റ ചിത്രത്തിലൂടെ നിരവധിപേരുടെ ഹൃദയം കീഴടക്കിയ പെൺകുട്ടി. നടി ഫാത്തിമ സന ഷെയ്ഖും ഒരിക്കൽ സമാന അനുഭവം നേരിടുകയുണ്ടായി. ബീച്ചിൽ മോണോക്കിനി ധരിച്ചിരിക്കുന്ന ചിത്രമാണ് സന പങ്കുവെച്ചത്. എന്നാൽ സംസ്കാരത്തെ തകർക്കുന്ന വസ്ത്രമാണ് സന ധരിച്ചതെന്നും പാശ്ചാത്യ വസ്ത്രം ധരിക്കരുതായിരുന്നുവെന്നും പറഞ്ഞ് ചിത്രത്തിനു കീഴെ വിമർശന കമന്റുകൾ നിറയുകയായിരുന്നു.
ഖുഷി കപൂർ
നടി ശ്രീദേവിയുടെ മകൾ, ജാൻവി കപൂറിന്റെ സഹോദരി. വെള്ളിവെളിച്ചത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും ഖുഷി കപൂറും സമൂഹമാധ്യമത്തിൽ സുപരിചിതയാണ്. ഒരു പാർട്ടിക്കിടെ ഖുഷി ധരിച്ച വസ്ത്രമാണ് പലരും ട്രോളുകൾക്ക് ഇരയാക്കിയത്. ഇറ്റലിയിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ സിൽവർ ഷിമ്മറി വസ്ത്രമാണ് ഖുഷി ധരിച്ചിരുന്നത്. വെയ്സ്റ്റിലും ഷോൾഡർ ഭാഗത്തുമുള്ള കട്ടുകളും ഡിസൈനുമാണ് പലരെയും പ്രകോപിപ്പിച്ചത്. ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രമാണ് ഖുഷിയുടേതെന്നും പെൺകുട്ടികൾക്ക് അപമാനമെന്നും തുടങ്ങി ക്രൂരമായ കമന്റുകളാണ് ഖുഷിയും നേരിട്ടത്.
Content Highlights: bollywood celebrities who Trolled For Their Choice Of Clothes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..