രേഖ | Photo: instagram.com|legendaryrekha|?hl=en
ബിടൗണിലെ ബ്യൂട്ടി ഐക്കണാണ് നടി രേഖ. അവാർഡ്നിശകളായാലും വിവാഹങ്ങളായാലും ഇപ്പോഴും യുവതാരങ്ങളെ വെല്ലുന്ന ഊർജസ്വലതയോടെയാണ് താരത്തിന്റെ വരവ്. അസാമാന്യ ഫാഷൻ സെൻസും രേഖയുടെ മാറ്റുകൂട്ടുന്ന ഘടകമാണ്. സാരിയിലും മോഡേൺ വസ്ത്രങ്ങളിലുമാക്കെ മികവു പുലർത്താൻ രേഖയെ കഴിഞ്ഞേ മറ്റാരുമുള്ളു ബോളിവുഡിൽ. ഹോളിവുഡിന് മെർലിൻ മൺറോ എന്ന പോലെയാണ് ബോളിവുഡിന് രേഖ. അറുപത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ ചില സാരി വിശേഷങ്ങളിലേക്ക്...
സാരിയിൽ സുന്ദരിയായ അഭിനേത്രിയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന മുഖം രേഖയുടേതാവും. അത്രത്തോളം സാരീ കളക്ഷനാണ് രേഖയ്ക്കുള്ളത്. ചുവപ്പും പച്ചയും മഞ്ഞയും തുടങ്ങിയ കടും നിറമോലുന്ന തിളങ്ങുന്ന സാരികളും പട്ടുസാരികളുമൊക്കെയാണ് രേഖയ്ക്ക് ഏറെ പ്രിയം. ഒപ്പം കഴുത്തും കാതും നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളും വലിയ പൊട്ടും കടുത്ത ലിപ്സ്റ്റിക്കുമണിയാനും താരം മറക്കാറില്ല.
കാഞ്ചീവരം സാരിയും മൾട്ടി കളറുള്ള ബനാറസി സാരിയും തുടങ്ങി തനതു പട്ടുകളുടെ വലിയ ശേഖരവും രേഖയ്ക്കുണ്ട്. പരസ്പരം ചേരുന്നില്ലെന്നു തോന്നുന്ന നിറങ്ങളെ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളതും രേഖയാണ്. കഴിഞ്ഞ വർഷം ഐഫാ പുരസ്കാര വേദിയിൽ താരം ധരിച്ച നാരങ്ങാ മഞ്ഞയും മജന്താ നിറവുമുള്ള സാരി അതിനുദാഹരണമാണ്. ഇഷാ അംബാനിയുടെ റിസപ്ഷനു വേണ്ടി ഓറഞ്ചും പിങ്കും കോമ്പിനേഷനുള്ള സാരിയും അത്തരത്തിലൊന്നായിരുന്നു.
തിരഞ്ഞെടുക്കുന്ന സാരികളുടെ കരയിൽ വരെ രേഖ ശ്രദ്ധ കൊടുക്കാറുണ്ട്. വീതിക്കരകളോടു കൂടിയ സാരിയാണ് താരം ധരിക്കാറുള്ളവയിൽ ഏറെയും. സാരി ലളിതമാണെങ്കിലും ഫ്ളോറൽ പാറ്റേണുകളും മറ്റും നിറഞ്ഞ കരകളോടു കൂടിയവയാണ് ധരിക്കാറുള്ളത്. ഒപ്പം ബ്ലൗസുകളിലും താരം പരീക്ഷണങ്ങൾ നടത്താറുണ്ട്. ഫുൾ സ്ലീവ് ബ്ലൗസുകളും കല്ലുകളും മുത്തുകളുമൊക്കെ പതിപ്പിച്ചവയും അക്കൂട്ടത്തിലുണ്ട്.
സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹത്തിന് രേഖ ധരിച്ച പാന്റ് സാരിയും ഏറെ ശ്രദ്ധ നേടിയിരുന്നു. മുഗൾ കാലത്തെ വസ്ത്രധാരണത്തെ ഓർമിപ്പിക്കും വിധത്തിൽ പാന്റിനൊപ്പമാണ് താരം ഗോൾഡൻ കസവോടു കൂടിയ കാഞ്ചീവരം സാരി ധരിച്ചത്. ഹെയർസ്റ്റൈലൊരുക്കുന്നതിലും രേഖ അതീവ ശ്രദ്ധ പുലർത്താറുണ്ട്. മനോഹരമായൊതുക്കിയ മുടിയിൽ ധാരാളം മുല്ലപ്പൂ കെട്ടിവച്ചും അലസമായി മുടിയിഴകൾ അഴിച്ചിട്ടുമൊക്കെ രേഖ ആരാധകമനസ്സുകൾ കയറാറുണ്ട്.
Content Highlights: Bollywood actress Rekha Saree Fashion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..