'അമ്മയെ കണ്ട് പഠിക്കണം നീ' എന്ന് ഭര്‍ത്താവെങ്ങാന്‍ പറഞ്ഞിരുന്നെങ്കില്‍ എന്റെ കഥ തന്നെ മറ്റൊന്നായേനേ


വീട്ടിലെ സകലര്‍ക്കും അമ്മയോട് സ്‌നേഹമുണ്ട്. എന്നാല്‍ കാസറോളില്‍ ദോശ ചുട്ട് വച്ച് എല്ലാരും വേണ്ടത് എടുത്ത് കഴിച്ചോളാന്‍ പറഞ്ഞിട്ട് ഫാര്‍മസിയില്‍ പോയിരുന്ന, എട്ടാം ക്ലാസ് മുതല്‍ അവനവന്റെ തുണികള്‍ അലക്കിച്ചിരുന്ന, പാത്രം കഴുകിച്ചിരുന്ന, ബോറടിച്ചാല്‍ അടുക്കള പൂട്ടി സിനിമ കാണാന്‍ പോവാം എന്ന് പറഞ്ഞിരുന്ന എന്റെ സ്വന്തം അമ്മയോട് എനിക്കും അനിയനും ഉള്ള സ്‌നേഹത്തേക്കാള്‍ ഒട്ടും കൂടുതലല്ല എന്റെ ഭര്‍ത്താവിന്റെ അമ്മയോട്, അമ്മയുടെ മക്കള്‍ക്ക് ഉള്ളത് എന്നതാണ് എന്റെ തിരിച്ചറിവ്.

facebook.com|AswathyOfficial

ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ ചര്‍ച്ചകളിലാണ് ഇപ്പോള്‍ എല്ലാവരും. അടുക്കളയിലെ സ്ത്രീ ജീവിതവും അവരനുഭവിക്കുന്ന ഒറ്റപ്പെടലുകളും അസമത്വവുമല്ലാം ഈ ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്. സിനിമ കണ്ടതിന് ശേഷം സ്വന്തം വീടുകളിലെ സ്ത്രീജീവിതങ്ങളെ പറ്റി സോഷ്യല്‍മീഡിയയിലൂടെ തുറന്നു പറഞ്ഞവര്‍ ഏറെയുണ്ട്. അതില്‍ സിനിമാ താരങ്ങളും സാധാരണക്കാരും എല്ലാവരും ഉള്‍പ്പെടും. ഈ സാഹചര്യത്തിൽ തന്റെ ജീവിതത്തിലെ രണ്ട് അമ്മമാരുടെ ജീവിതത്തെ പറ്റി- സ്വന്തം അമ്മയും ഭര്‍ത്താവിന്റെ അമ്മയും- പങ്കുവയ്ക്കുകയാണ് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

ഇത് Great Indian Kitchen എന്ന സിനിമയുടെ റിവ്യൂ അല്ല, അത് കണ്ടപ്പോള്‍ ഓര്‍ത്ത ചില കാര്യങ്ങള്‍ മാത്രമാണ്.

വീട്ടില്‍ ഞാന്‍ ഒറ്റക്കാണ് രാവിലെ പാചകം എങ്കില്‍ ദോശയ്ക്ക് സാമ്പാര്‍ ആവും കറി. ഒരേ തരം ദോശ, ഒരേ ഒരു സാമ്പാര്‍. കാസറോളില്‍ ദോശ ചുട്ടു വച്ച് കറി അടുത്ത് വച്ച് എല്ലാവരെയും വിളിച്ച് ഒരുമിച്ച് കഴിക്കലാണ് പതിവ്.

ഇനി എന്റെ ഭര്‍ത്താവിന്റെ അമ്മയാണ് അടുക്കളയില്‍ എങ്കില്‍ അത് പല തരം ദോശകളും 3 തരം സാമ്പാറും ആവും. കട്ടിയുള്ളതും ഇല്ലാത്തതും, മൊരിഞ്ഞതും അല്ലാത്തതും നെയ് പുരട്ടിയതും പുരട്ടാത്തതുമായ ദോശകള്‍, അച്ഛന് പുളിയും ഉപ്പും കുറഞ്ഞ സാമ്പാര്‍, മകന് അധികം സാമ്പാര്‍ പൊടി ചേര്‍ക്കാത്ത കടുക് താളിക്കാത്ത സാമ്പാര്‍, മറ്റുള്ളവര്‍ക്ക് ഉപ്പും പുളിയും സാമ്പാര്‍ പൊടിയും ചേര്‍ത്ത കടുക് താളിച്ച സാധാരണ സാമ്പാര്‍. അവസാനത്തെ ആളും കഴിച്ചെഴുന്നേല്‍ക്കും വരെ ചൂടു ദോശകള്‍ ഡൈനിങ് ടേബിളിലേയ്ക്ക് പറന്നു കൊണ്ടിരിക്കും. എല്ലാവരുടേം തൃപ്തി ഉറപ്പാക്കി ഒടുവിലാണ് അമ്മ കഴിക്കാന്‍ ഇരിക്കുക. അതിന് മുന്‍പ് അച്ഛനോ ഞങ്ങളോ എത്ര വിളിച്ചാലും ഒരു ദോശ അടുപ്പത്തുണ്ടെന്ന ന്യായത്തില്‍ അമ്മ പിടിച്ച് നില്‍ക്കും. ഉപ്പു നോക്കാനും കല്ലിന്റെ ചൂട് പരുവപ്പെടുത്താനും ഏറ്റവും ആദ്യം ചുട്ട വക്ക് പൊട്ടിയ കല്ലിച്ച ദോശ കാസറോളിന്റെ അടിത്തട്ടില്‍ നിന്ന് കൃത്യമായി കണ്ടെടുത്താണ് അമ്മ കഴിച്ചു തുടങ്ങുക.

സാദാ ഒരു തേങ്ങാ ചമ്മന്തി ആയാല്‍ പോലും അതിനും ബഹു വിധ വേര്‍ഷനുകള്‍ അമ്മ കണ്ടെത്തും. ഇഞ്ചി വച്ചത് ഒരാള്‍ക്കെങ്കില്‍ മാങ്ങാ വച്ചരച്ചത് മറ്റൊരാള്‍ക്ക്. അതും പോരാഞ്ഞ് അച്ഛന്‍ തികഞ്ഞ വെജിറ്റേറിയനും മക്കള്‍ നോണ്‍ വെജ് ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തവരും ആവുമ്പോള്‍ പിന്നെയും വിഭവങ്ങളുടെ എണ്ണം കൂടും. ഭര്‍ത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ പോലും നോക്കി അവരെ നാലു നേരം ഊട്ടുകയെന്നതാണ് അമ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവിത ലക്ഷ്യം. സഹായത്തിന് അടുക്കളയില്‍ ആരൊക്കെയുണ്ടായാലും അമ്മയുടെ കൈ തൊടാതെ വീട്ടില്‍ ഒരു കറിയും അടുപ്പില്‍ നിന്നിറങ്ങിയിട്ടില്ല. ഉച്ചയൂണിന് ഇരിക്കുമ്പോള്‍ തന്നെ അമ്മ സ്വയം പറയും 'ഉച്ചയ്ക്കത്തേടം അങ്ങനെ കഴിഞ്ഞു, ഇനി വൈകിട്ടത്തേക്ക് എന്താണാവോ?'. ഊണ് കഴിഞ്ഞ് കൈ കഴുകിയിട്ട് ആലോചിച്ചാല്‍ പോരേ എന്ന് ഞങ്ങള്‍ അമ്മയെ കളിയാക്കും. പക്ഷേ ഞാന്‍ കണ്ട കാലം മുതല്‍ അമ്മ അങ്ങനെയാണ്.

എക്കണോമിക്‌സ് പഠിച്ച അമ്മയ്ക്ക് അന്ന് എന്തെങ്കിലും ജോലിക്ക് പോകാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ അമ്മ പറയും 'ഓഹ് അന്നതൊന്നും നടന്നില്ലെന്ന്...അതു കൊണ്ട് പിള്ളേരെങ്കിലും നല്ല പോലെ വളര്‍ന്നല്ലോ എന്ന്'. അമ്മ സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റി വച്ച് അടുക്കളയില്‍ തന്നെ ജീവിച്ചതു കൊണ്ട് മക്കള്‍ പ്രത്യേകിച്ച് നന്നായോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് സത്യം. അവര്‍ ആവറേജ് സ്റ്റുഡന്റസ് ആയി പഠിച്ച് സാധാരണ ജോലികള്‍ തന്നെ ചെയ്യുന്നു. മറിച്ച് അമ്മ ഒരു അധ്യാപികയോ ബാങ്ക് ജീവനക്കാരിയോ ആയി ഇന്ന് റിട്ടയര്‍ ചെയ്തിരുന്നെങ്കില്‍ ഈ മക്കളും മരുമക്കളും ഭര്‍ത്താവും പോലും കുറച്ച് കൂടി അഭിമാനത്തോടെ അമ്മയെക്കുറിച്ച് സംസാരിക്കുമായിരുന്നു.

അമ്മയ്ക്ക് വീടിന് പുറത്ത് കൂടി ഒരു ജീവിതം ഉണ്ടായേനെ, സുഹൃത്തുക്കള്‍ ഉണ്ടായേനെ, അബദ്ധത്തില്‍ ഉപ്പു കൂടിപ്പോയ കറികളെ അച്ഛന്റെ മുന്നില്‍ വയ്ക്കുമ്പോള്‍ അടുത്തുള്ളവര്‍ക്ക് പോലും കേള്‍ക്കാവുന്ന അമ്മയുടെ നെഞ്ചിടിപ്പുകള്‍, ഒരുപക്ഷേ ഇറങ്ങി പോകാനൊരു ഇടമുള്ള ആശ്വാസത്തില്‍ ഇത്തിരി എങ്കിലും കുറഞ്ഞേനേ. ആര്‍ക്കും ഒരു പരാതിക്കും ഇടവരുത്താതെ, സ്വന്തം ആരോഗ്യം നോക്കാതെ അമ്മ വച്ചു വിളമ്പി ഊട്ടി തേച്ചു മെഴുക്കി തുടച്ച് ഒടുവില്‍ സമ്പാദിച്ചത് വിട്ടുമാറാത്ത നടുവേദനയും കണംകാലില്‍ നീരും ഇടയ്ക്കിടെ താളം മറക്കുന്ന ഇറെഗുലര്‍ ഹാര്‍ട്ട് ബീറ്റുമാണ്. ഉറക്കം തീരെയില്ലാത്ത രാത്രികളാണ്.

ഭക്ഷണത്തിന്റെ പരുവം തെറ്റിയാല്‍ 'നല്ല മനസ്സോടെ അല്ലേല്‍ ഇതൊന്നും തരാന്‍ നില്‍ക്കരുതെന്ന' അശരീരികള്‍ അല്ലാതെ ഒരാളും അമ്മയോട് താങ്ക്ഫുള്‍ ആകുന്നത് കണ്ടിട്ടേ ഇല്ല. അമ്മയുടെ വയ്യായ്കകള്‍ക്ക് പോലും 'എവിടേലും അടങ്ങിയിരിക്കാതെ വരുത്തി വയ്ക്കുന്നതെന്ന' ടൈറ്റില്‍ ആണ് പലപ്പോഴും കിട്ടാറ്.

വീട്ടിലെ സകലര്‍ക്കും അമ്മയോട് സ്‌നേഹമുണ്ട്. എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന മക്കളും ഭര്‍ത്താവും ഉണ്ട്. എന്നാല്‍ കാസറോളില്‍ ദോശ ചുട്ട് വച്ച് എല്ലാരും വേണ്ടത് എടുത്ത് കഴിച്ചോളാന്‍ പറഞ്ഞിട്ട് ഫാര്‍മസിയില്‍ പോയിരുന്ന, എട്ടാം ക്ലാസ് മുതല്‍ അവനവന്റെ തുണികള്‍ അലക്കിച്ചിരുന്ന, പാത്രം കഴുകിച്ചിരുന്ന, ബോറടിച്ചാല്‍ അടുക്കള പൂട്ടി സിനിമ കാണാന്‍ പോവാം എന്ന് പറഞ്ഞിരുന്ന എന്റെ സ്വന്തം അമ്മയോട് എനിക്കും അനിയനും ഉള്ള സ്‌നേഹത്തേക്കാള്‍ ഒട്ടും കൂടുതലല്ല എന്റെ ഭര്‍ത്താവിന്റെ അമ്മയോട്, അമ്മയുടെ മക്കള്‍ക്ക് ഉള്ളത് എന്നതാണ് എന്റെ തിരിച്ചറിവ്. എന്ന് വച്ചാല്‍ അമ്മ മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി മാത്രം ജീവിച്ചത് കൊണ്ട് പ്രത്യേകമായൊരു സ്‌നേഹക്കൂടുതല്‍ ആര്‍ക്കുമില്ലെന്നു തന്നെ !

'എന്റെ അമ്മയെ കണ്ട് പഠിക്കണം നീ' എന്ന് എന്റെ ഭര്‍ത്താവെങ്ങാന്‍ പറഞ്ഞിരുന്നെങ്കില്‍ എന്റെ കഥ തന്നെ മറ്റൊന്നായേനേയെന്ന് അത്ഭുതത്തോടെ ഞാന്‍ ഓര്‍ക്കാറുണ്ട്. മറിച്ച് നീ അമ്മയെ കണ്ട് പഠിക്കണ്ട, അവനവനു വേണ്ടി ജീവിച്ചിട്ടു മതി ബാക്കിയുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നത് എന്നാണ് പറഞ്ഞത്. കുടുംബത്തിന് സര്‍വ്വ സമ്മതം അല്ലാതിരുന്ന ഒരു തൊഴില്‍ മേഖല വിവാഹ ശേഷം ഞാന്‍ തിരഞ്ഞെടുത്തത് പോലും ആ വാക്കിന്റ ഒറ്റ ബലത്തില്‍ ആണ്.

ഞാന്‍ ഇല്ലാതെ ഇവരെന്ത് ചെയ്യുമെന്ന ചോദ്യത്തില്‍ കുരുങ്ങിയാണ് ഏന്തിയും വലിഞ്ഞും സ്വയം ഇല്ലാതാക്കി നമ്മുടെ സ്ത്രീകള്‍ അടുക്കള സ്വര്‍ഗമാക്കുന്നത്. ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാന്‍ അറിയില്ലെന്ന് നടിക്കുന്ന മക്കളെയും ഭര്‍ത്താവിനെയും പരിചരിക്കുന്നത്. ആരുമില്ലെങ്കിലും അവരൊക്കെ ജീവിക്കും എന്നതാണ് സത്യം !

സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ പറയുമ്പോള്‍ പുരുഷന്റെ അദ്ധ്വാനത്തെ വില കുറച്ചു കാണുന്നുവെന്ന പരാതിയുണ്ടാവാം പുരുഷന്മാര്‍ക്ക്. പുറം ലോകത്തെ വായു യഥേഷ്ടം ശ്വസിക്കുന്നവരാണ്, അകത്തും പുറത്തും ജീവിതം ഉള്ളവരാണ് മിക്ക പുരുഷന്മാരും. ഇറങ്ങിപ്പോകാന്‍ ഇടമുള്ളവര്‍. സ്ത്രീ ഒരു ജന്മത്തില്‍ കടന്നു പോകുന്ന ബയോളോജിക്കല്‍ / ഇമോഷണല്‍ കോംപ്ലെക്‌സിറ്റികളുടെ പകുതി പോലും പുരുഷന്‍ എക്‌സ്പീരിയന്‍സ് ചെയുന്നില്ലെന്നതാണ് വാസ്തവം. പത്തോ പന്ത്രണ്ടോ വയസ്സില്‍ എത്തുന്ന ആര്‍ത്തവം മുതലിങ്ങോട്ട് പോസ്റ്റ് മെനുസ്ട്രല്‍ സിന്‍ഡ്രോമുകള്‍, ഗര്‍ഭധാരണം, പ്രസവം, പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷനുകള്‍, മിഡ് ലൈഫ് ക്രൈസിസ് എന്ന് ഓമനപ്പേരിട്ട പറഞ്ഞറിയിക്കാനാവാത്ത ഉലച്ചിലുകള്‍, മെനോപോസ് എന്ന ഫുള്‍ സ്റ്റോപ്പില്‍ നിന്ന് പിന്നങ്ങോട്ട് അവസാനം വരെ നീളുന്ന ഉഷ്ണ കാലങ്ങള്‍ ! അതിനൊക്കെ ഇടയിലാണ് ഈ അടുക്കളച്ചുവരുകളുടെ ആവര്‍ത്തനം. അതാണ് പല ഭാര്യമാരെയും ഭര്‍ത്താക്കന്മാരുടെ തല തിന്നുന്ന Frustrated house wives ആക്കുന്നത്. !

പുത്തന്‍ അടുക്കളകളില്‍ സമവാക്യങ്ങള്‍ മാറുന്നുണ്ട്. ഭരിക്കുന്ന ഭര്‍ത്താവില്‍ നിന്ന് കമ്പാനിയന്‍ഷിപ്പിലേക്ക് മാറി നടക്കുന്ന ഒരുപാട് പേരെ അറിയാം, എന്റെ പങ്കാളി ഉള്‍പ്പെടെയുള്ളവരെ. രണ്ടു പേരും ഒരുമിച്ച് ജോലി കഴിഞ്ഞ് വീടെത്തിയാല്‍ ഭര്‍ത്താവ് ന്യൂസ് കാണാനും ഭാര്യ ചപ്പാത്തിയ്ക്ക് കുഴയ്ക്കാനും പോകുന്ന പതിവ് മാറ്റി കട്ടക്ക് കൂടെ നില്‍ക്കുന്ന എത്രയോ പുരുഷന്മാരുണ്ട്.
അതൊരു പ്രതീക്ഷ തന്നെയാണ്. ഇനി അങ്ങനെയല്ലാത്തവര്‍ക്ക്, ഒരു ഗ്ലാസ് വെള്ളത്തിന് പോലും 'ഡീ' എന്ന് വിളിച്ച് ശീലിച്ച് പോയവര്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാന്‍ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ !

NB : ഞാന്‍ എന്റെ ഫ്‌ളാറ്റിലെ എഴുത്തു മേശയുടെ സ്വാസ്ഥ്യത്തില്‍ ഇരുന്ന് ഇത് എഴുതുമ്പോളും, തൊടുപുഴയിലെ വീട്ടിലിരുന്ന് ഉച്ചയ്ക്ക് എന്ത് കറി വയ്ക്കുമെന്ന്, ഇത്തിരി കപ്പ കൂടി ഉണ്ടെങ്കില്‍ അച്ഛന് സന്തോഷമാവില്ലേ എന്ന് ചേട്ടത്തിയോട് കൂടിയാലോചന നടത്തുകയാവും അമ്മ...വൈകിട്ട് മഴ പെയ്തു കറണ്ട് എങ്ങാന്‍ പോകും മുന്‍പ് നാളത്തെ അപ്പത്തിനുള്ള മാവ് അരക്കണമെങ്കില്‍ അരി നേരത്തെ വെള്ളത്തില്‍ ഇടണമെന്ന് പറഞ്ഞേല്‍പ്പിക്കുകയാവും. മഹത്തായ ഭാരതീയ അടുക്കളയില്‍ പണികള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ !

Content Highlights: Aswathy Sreekanth open up life of her mother and mother in law based on The Great Indian Kitchen in fb post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented