കോഴിക്കോട്: നാലര പതിറ്റാണ്ടിന് ശേഷം ആ പത്താം ക്ലാസുകാര്‍ വീണ്ടും അതേ ക്ലാസില്‍ ഒത്തുചേര്‍ന്നു; ഒപ്പം അന്നത്തെ അധ്യാപകരും. 

സെന്റ് ജോസഫ് ബോയ്സ് സ്‌കൂളില്‍ 1971-73 കാലയളവില്‍ പഠിച്ചിറങ്ങിയ എഴുപതോളം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവുമാണ് ശനിയാഴ്ച്ച അതേ സ്‌കൂള്‍ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്.

സ്‌കൂളില്‍ അന്യം നിന്നുപോയ 'വീശട്ടെ പൊന്നൊളി...' എന്ന് തുടങ്ങുന്ന പഴയ പ്രാര്‍ത്ഥന ഗീതമാലപിച്ചായിരുന്നു ഒത്തുചേരലിന്റെ തുടക്കം. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഗൃഹാതുരത്വസ്മരണയ്ക്ക് കരുത്തേകാന്‍ പൂര്‍വ്വാധ്യാപകരും 'ഒരുവട്ടംകൂടി'യെന്ന ഒത്തുചേരലിലെത്തി. 

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അന്നത്തെ പ്രധാന അധ്യാപകന്‍ ഫാദര്‍ ആന്ദര്‍പേര്‍, ഡെന്‍സില്‍ പോപ്പന്‍, പി.എ.ജോസ്,സി.സി.ജോസ്, ഇ.കെ.വര്‍ഗ്ഗീസ്, ഫിലിപ്പോസ്, സിറിയാക്ക്, കൊച്ചുദേവസ്യ, നൂറിന്‍ മെന്‍ഡോസ്, യമുന എന്നിവരാണ് മുഖ്യതിഥികളായി എത്തിയ അധ്യാപകര്‍.

സ്‌കൂള്‍ യൂണിഫോമായ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ധരിച്ചെത്തിയ പൂര്‍വിദ്യാര്‍ഥികളായ പ്രസാദ് (സ്വിറ്റ്സര്‍ലാന്റ്), അച്യുതന്‍ (ശ്രീലങ്ക), ബഷീര്‍, ഗോപിനാഥ് (ദുബായ്), എന്നിവര്‍ ചടങ്ങില്‍ താരങ്ങളായി. 

ഒത്തുചേരല്‍ സാക്ഷാത്കരിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം ശേഖര്‍, ജിനചന്ദ്രന്‍, സത്യകൃഷ്ണന്‍, ഇ.കെ.മണി തുടങ്ങിയവരെ ചടങ്ങില്‍ പ്രത്യേകം പ്രശംസിച്ചു.