പള്ളിക്കല്‍: വിടപറയാനെത്തിയവരൊക്കെയും വിതുമ്പിനിന്ന നൊമ്പരക്കാഴ്ചയ്ക്കാണ് ചൊവ്വാഴ്ച മാതാംകുളം സാക്ഷ്യംവഹിച്ചത്. കണ്ണീര്‍മഴയോടെയാണ് ആ കുഞ്ഞുസഹോദരിമാര്‍ക്ക് നാട് യാത്രയയപ്പു നല്‍കിയത്.

മണ്ണിടിഞ്ഞുവീണ് തകര്‍ന്ന വീടിനുള്ളില്‍പ്പെട്ട് അബൂബക്കര്‍ സിദ്ദിഖിന്റെയും സുമയ്യയുടെയും മക്കളായ ഏഴുവയസ്സുകാരി ലിയാന ഫാത്തിമയും സഹോദരി ആറുമാസം മാത്രം പ്രായമായ ലുബാന ഫാത്തിമയും മരിച്ചുവെന്ന വാര്‍ത്ത നാടിനെ ഞെട്ടിക്കുന്നതായിരുന്നു. ഈ ദമ്പതിമാരുടെ ആകെയുള്ള രണ്ട് ഓമനകളെയാണ് മരണം തട്ടിയെടുത്തത്. വാര്‍ത്ത കേട്ടവരൊക്കെയും മാതാംകുളത്തേക്കൊഴുകി.

അപകടത്തില്‍ മരിച്ച കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങിയ മാതാവ് സുമയ്യ പരിക്കൊന്നുംകൂടാതെ രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖ് കാസര്‍കോട് ജോലിക്കു പോയതാണ്. സുമയ്യയുടെ പിതാവ് മുഹമ്മദ്കുട്ടി, മാതാവ് ഫാത്തിമ, സഹോദരി ഹഫ്സത്ത്, മാതൃസഹോദരി ജമീല എന്നിവരും ദുരന്തദിവസം വീട്ടിലുണ്ടായിരുന്നു. ഫാത്തിമ വീണ് പരിക്കുപറ്റി കിടക്കുകയാണ്.

കാടപ്പടി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ലിയാന സ്‌കൂള്‍ വീണ്ടും തുറക്കാന്‍പോകുന്നതിലുള്ള ആവേശത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊച്ചു സഹോദരിമാരായ ലിയാന ഫാത്തിമയുടെയും ലുബാന ഫാത്തിമയുടെയും ഭൗതികശരീരം കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മാതാംകുളത്തെത്തിച്ചത്. വീട്ടിലേക്കു കൊണ്ടുപോകുന്നതിനുപകരം മൃതദേഹങ്ങള്‍ മാതാംകുളം റഹ്മാനിയ മദ്രസയില്‍ പൊതുദര്‍ശനത്തിനുവെച്ചു. പിന്നീട് പുന്നത്ത് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.?

മണ്ണില്‍പ്പുതഞ്ഞ് മരണം

പള്ളിക്കല്‍: മാതാവിനൊപ്പം ഉറങ്ങിക്കിടക്കവേയാണ് ആ കുരുന്നുകളെ മരണം തട്ടിയെടുത്തത്. പുതിയ വീടിനായി എടുത്ത പറമ്പില്‍നിന്ന് അടര്‍ന്നുവീണ മണ്ണും കല്ലുകളുമാണ് ദുരന്തം വിതച്ചത്.

മാതാംകുളത്തെ മുണ്ടോട്ടുപുറം ചോനാരി മുഹമ്മദ്കുട്ടിയും കുടുംബവും താമസിക്കുന്ന ഓടിട്ട കൊച്ചുവീടിനു മുകളിലേക്കു തൊട്ടടുത്ത പറമ്പില്‍നിന്നു മണ്ണടര്‍ന്നുവീഴുകയായിരുന്നു. മുഹമ്മദ്കുട്ടിയുടെ മകള്‍ സുമയ്യയും കുട്ടികളും കിടന്ന മുറിക്കുമുകളിലേക്കാണ് മണ്ണുവീണത്. സുമയ്യയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ മണ്ണിനടിയില്‍നിന്നു കുട്ടികളെ പുറത്തെടുത്ത് പറമ്പില്‍പീടികയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റി.

അപകടത്തില്‍പ്പെട്ട വീടിനോടുചേര്‍ന്ന് സുമയ്യയ്ക്കും കുടുംബത്തിനും പുതിയ വീട് പണിയുന്നുണ്ട്. അല്‍പ്പം ഉയരത്തിലുള്ള ഈ സ്ഥലത്തുനിന്നാണ് മണ്ണിടിഞ്ഞ് വീടിനുമുകളിലേക്കു വീണത്. വീട്ടില്‍ സുമയ്യയെയും കുട്ടികളെയും കൂടാതെ പിതാവ് മുഹമ്മദ്കുട്ടി, മാതാവ് ഫാത്തിമ, രണ്ട് കുടുംബാംഗങ്ങള്‍ എന്നിവരാണുണ്ടായിരുന്നത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചു.

സുമയ്യയുടെ ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖ് കാസര്‍കോട് ബേക്കറിത്തൊഴിലാളിയാണ്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല.

കുടുംബത്തിന് പരമാവധി സഹായം നല്‍കും -മന്ത്രി കെ. രാജന്‍

പള്ളിക്കല്‍: മാതാംകുളത്ത് മണ്ണിടിഞ്ഞ് വീടുതകര്‍ന്ന് രണ്ടുകുട്ടികള്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് റവന്യൂമന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു. പി. അബ്ദുല്‍ഹമീദ് എം.എല്‍.എ.യുടെ ആവശ്യപ്രകാരമായിരുന്നു യോഗം.

മരിച്ച കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ അടിയന്തരസഹായം അനുവദിക്കാന്‍ മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശംനല്‍കി. അടിയന്തര ധനസഹായമായി പതിനായിരം രൂപ അനുവദിച്ചു. കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സാമ്പത്തികസഹായം അനുവദിക്കുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂവകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക്, കമ്മിഷണര്‍ കെ. ബിജു, കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രി കെ. രാജന്‍ 18-ന് സ്ഥലം സന്ദര്‍ശിക്കും.

അപകടസ്ഥലം കൊണ്ടോട്ടി തഹസില്‍ദാര്‍ അബൂബക്കര്‍ പുലിക്കുത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. സുലൈമാന്‍, പള്ളിക്കല്‍ വില്ലേജ് ഓഫീസര്‍ പി.വി. ഷാജി എന്നിവര്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദാലി, വാര്‍ഡംഗം നിഷ, മറ്റു ഭരണസമിതിയംഗങ്ങള്‍ എന്നിവരും സ്ഥലത്തെത്തി.