image
അയക്കൂറ വില കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശ്യം.

കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം വിലകുത്തനെ ഇടിഞ്ഞ് അയക്കൂറ. കിലോയ്ക്ക് 200 മുതല്‍ 300 രൂപയാണ് ബുധനാഴ്ചത്തെ മാര്‍ക്കറ്റ് വില.
വിലകുറഞ്ഞതോടെ ആവശ്യക്കാരുമേറി. 

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ബുധനാഴ്ച 240 രൂപയ്ക്കാണ് അയക്കൂറ വിറ്റത്. പുതിയാപ്പ, ബേപ്പൂര്‍, ചാലിയം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് അയക്കൂറയെത്തുന്നുണ്ട്. കൂടുതല്‍ മീന്‍ ലഭ്യമായതാണ് വിലക്കുറവിന് കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

നേരത്തേ അയക്കൂറ കിലോയ്ക്ക് 800 രൂപ മുതല്‍ 1200 രൂപവരെ വിലയുണ്ടായിരുന്നു. അതേസമയം ആവോലിക്കും വില കുറഞ്ഞിട്ടുണ്ട്. 260 രൂപയാണ് വില. മറ്റ് മീനുകള്‍ക്കും നല്ല വിലക്കുറവുണ്ട്. മത്തിക്ക് 80-120, അയല 140, ചെമ്മീന്‍ 220 എന്നിങ്ങനെയാണ് ബുധനാഴ്ചത്തെ വില. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വില ഉയരാനും സാധ്യതയുണ്ടെന്ന് കച്ചവടക്കാര്‍ പറഞ്ഞു.