കോഴിക്കോട്: നഗരപരിധിയിലെ പോലീസുകാരുടെ ആരോഗ്യപരിരക്ഷയ്ക്കും ബോധവത്കരണത്തിനുമായി രൂപവത്കരിച്ച പ്രത്യേകപദ്ധതി ഉത്തരമേഖല എ.ഡി.ജി.പി. രാജേഷ് ദിവാന്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ചാപ്ടറും പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് 'ലൈഫ് സ്‌റ്റൈല്‍ ഇവാല്വേഷന്‍ ആന്‍ഡ് എവേര്‍നെസ് ഫോര്‍ പോലീസ്' (ലീപ്പ്) എന്നപേരില്‍ പദ്ധതി ആവിഷ്‌കരിച്ചത്.

ഇതുപ്രകാരം നഗരപരിധിയിലെ മുഴുവന്‍ പോലീസുകാരെയും വിവിധതരം രക്തപരിശോധനയ്ക്കും മറ്റും വിധേയമാക്കും. ഈ പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.എം.എ.     നിര്‍ണയിക്കുന്ന ഡോക്ടര്‍മാരുടെ പാനല്‍ പോലീസുകാരെ പരിശോധിച്ച് തുടര്‍ചികിത്സ നിര്‍ണയിക്കും. രക്തപരിശോധന ആസ്റ്റര്‍ മിംസ് സൗജന്യമായാണ് നടത്തുക. തുടര്‍ചികിത്സയില്‍ ഇളവും ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുമുണ്ട്.

പദ്ധതി തന്റെ പരിധിയിലുള്ള മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും പോലീസുകാരുടെ ആരോഗ്യം മെച്ചപ്പെട്ടാല്‍ അവരുടെ സേവനവും പൊതുജനത്തിന് അവരോടുള്ള മതിപ്പും വര്‍ധിക്കുമെന്നും ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാന്‍ പറഞ്ഞു. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ രഹസ്യസ്വഭാവത്തില്‍ സൂക്ഷിക്കും. അത് ഒരുതരത്തിലും പോലീസുകാരുടെ സര്‍വീസിനെ പ്രതികൂലമായി ബാധിക്കില്ല. നേരത്തേ താന്‍ ഇവിടെ ഉത്തരമേഖല എ.ഡി.ജി.പി.യായിരിക്കുമ്പോള്‍ ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമാണിതെന്നും ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. പി.എന്‍. അജിത അധ്യക്ഷതവഹിച്ചു. ലീപ്പ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.പി. മെഹ്റൂഫ് രാജ് പദ്ധതി പരിചയപ്പെടുത്തി. സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥ് മുഖ്യപ്രഭാഷണം നടത്തി. ആസ്റ്റര്‍ മിംസ് സി.ഇ.ഒ. ഡോ. രാഹുല്‍ മേനോന്‍, റോട്ടറി അസി. ഗവര്‍ണര്‍ ഡോ. എ.എം. ഷെറീഫ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ടി. മുരളീധരന്‍, പോലീസ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ. രതീഷ്, ഐ.എം.എ. മുന്‍ പ്രസിഡന്റ് ഡോ. ടി.പി. രാജഗോപാല്‍, ഡോ. എസ്.വി. രാകേഷ് എന്നിവര്‍ സംസാരിച്ചു.