കോഴിക്കോട് :രണ്ടുവര്‍ഷത്തോളമായി പഠനംപോലും മാറ്റിവെച്ച് കോവിഡ് ഡ്യൂട്ടിമാത്രം ചെയ്യേണ്ടിവന്ന പി.ജി. ഡോക്ടര്‍മാര്‍ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സൂചനാസമരം നടത്തി. രാവിലെ എട്ടിന് ആരംഭിച്ച സമരം രാത്രി എട്ടുവരെ നീണ്ടു. അത്യാഹിത, അടിയന്തര, കോവിഡ് ഡ്യൂട്ടികള്‍ മുടക്കാതെ ഒ.പി.യും വാര്‍ഡ്ഡ്യൂട്ടിയും ബഹിഷ്‌കരിച്ചായിരുന്നു സമരം.

നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാര്‍ പ്രവര്‍ത്തനകാലാവധി കഴിഞ്ഞുപോയതിനാല്‍ ഹൗസ്സര്‍ജന്‍മാര്‍ കൂടിയില്ലാത്ത സാഹചര്യത്തില്‍ ഒ.പി. ഉള്‍പ്പെടെ മെഡിക്കല്‍കോളേജ് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. പല ഒ.പി.കളും വൈകീട്ട് 3.30 വരെ നീണ്ടു. വാര്‍ഡുകളില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സന്ദര്‍ശനം കഴിഞ്ഞാല്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. പുതിയ ഹൗസ് സര്‍ജന്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിട്ടില്ല.

പി.ജി. പ്രവേശനത്തിനുവേണ്ട നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടിയതിനാല്‍ പുതിയ ബാച്ച് പി.ജി. ഡോക്ടര്‍മാരുമില്ല. മൂന്നാംവര്‍ഷ പി.ജി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയായതിനാല്‍ അവരും ഡ്യൂട്ടിയിലില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമമാണ് മെഡിക്കല്‍ കോളേജുകളില്‍ അനുഭവപ്പെടുന്നതെന്ന് പി.ജി. ഡോക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

കോവിഡ് മൂന്നാംതരംഗം ഉള്‍ക്കൊള്ളാന്‍ മെഡിക്കല്‍കോളജ് അല്ലാത്ത മറ്റു പ്രധാന ആശുപത്രികളെ തയ്യാറാക്കുക, പി.ജി. സീറ്റുകളുടെ അനുപാതത്തില്‍ സീനിയര്‍ റെസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, 2016 അവസാന വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി പോസ്റ്റിങ്ങുകള്‍, അവരുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കഴിയുന്ന മുറയ്ക്ക് അടിയന്തരമായി തുടങ്ങുക, മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ഒഴിവില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുക. തടഞ്ഞുവെച്ചിരിക്കുന്ന സ്‌റ്റൈപ്പെന്‍ഡിലെ നാലുശതമാനം വാര്‍ഷികവര്‍ധന പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.