അരൂർ: വിവാഹം മുടക്കുന്നവർക്കെതിരേ പ്രകടനവുമായി അരൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ. പെൺവീട്ടുകാർ അന്വേഷണത്തിനെത്തുമ്പോൾ ദുരാരോപണങ്ങൾ പറഞ്ഞ് വിവാഹം മുടക്കുന്നുവെന്നാണ് പരാതി. പരാതി പോലീസിലുമെത്തി.

കഴിഞ്ഞദിവസം ഒരു യുവാവിനെപ്പറ്റി പെൺവീട്ടുകാർ അരൂരിലെ ഒരാളോട് ഫോണിൽ വിളിച്ചന്വേഷിച്ചപ്പോൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞെന്നാണ് ആരോപണം. ഇതിന്റെ വോയ്‌സ് മെസേജ് സഹിതമാണ് യുവാവ് പോലീസിൽ പരാതിനൽകിയത്.

നാദാപുരം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് യുവാക്കളുടെ പ്രകടനം നടന്നത്. ഇത്തരക്കാരുടെ തനിനിറം പൊതുജനങ്ങൾ മനസ്സിലാക്കണമെന്ന് യുവാക്കൾ പറഞ്ഞു.