കുന്ദമംഗലം: കേരവൃക്ഷങ്ങളുടെ നാട്ടിൽ മറുനാടൻ തെങ്ങിൻതൈകളുടെ വ്യാപനം നാളികേര മേഖലയെ ദോഷകരമായി ബാധിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തെങ്ങിൻതൈകളുടെ തള്ളിക്കയറ്റം നാട്ടിൽ ഉത്പാദിപ്പിക്കുന്ന അത്യുത്പാദനശേഷിയുള്ള നാടൻതൈകളുടെ വിപണനത്തിന് വിനയായി മാറുകയാണ്.

ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് മറുനാടൻതൈകളെത്തുന്നത്. ഇതിനായി പ്രത്യേക ലോബിയും പ്രവർത്തിക്കുന്നുണ്ടെന്നാണ് കേരകർഷകർ പറയുന്നത്. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ചവയല്ല ഇത്തരം തൈകളെന്നും പറയുന്നു. ഹോർമോൺ ഉപയോഗിച്ച് പാകപ്പെടുത്തിയ നിലവാരമില്ലാത്ത തൈകൾ അതിർത്തികടന്നെത്തുമ്പോൾ തെങ്ങുരോഗങ്ങളും നാട്ടിലെത്തുന്നു. വിലക്കുറവും ആകർഷകവുമായ തൈകൾ കാണുമ്പോൾ കർഷകർ അതിലേക്ക് ആകൃഷ്ടരാവും. ഇത്തരം തൈകൾ വാങ്ങി വെച്ചുപിടിപ്പിക്കുന്നത് വഴി ഭാവിയിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

കേര കൃഷിയുടെ അടിസ്ഥാനഘടകംതന്നെ നഷ്ടപ്പെടുത്തുന്നതരത്തിലാണ് മറുനാടൻ തൈകളുടെ വ്യാപനം. നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഗുണമേൻമയുള്ള തൈകൾ വാങ്ങാൻ ആളില്ലാതായിരിക്കുകയാണിപ്പോൾ. മിക്ക നഴ്‌സറികളും പൂട്ടി. കുന്ദമംഗലം കോക്കനട്ട് ഫെഡറേഷന് കീഴിലുള്ള കുരുവട്ടൂർ, വടകര, കുന്ദമംഗലം നഴ്‌സറികളിൽ 5000-ത്തിൽ അധികം തെങ്ങിൻതൈകൾ കെട്ടിക്കിടക്കുന്നു. വെസ്റ്റ് പിലാശ്ശേരിയിൽ പ്രവർത്തിക്കുന്ന കുന്ദമംഗലം നഴ്‌സറി കാടുപിടിച്ചുകിടക്കുകയാണ്. ഒരു വർഷമായ തൈകളാണ് വാങ്ങാനാളില്ലാതെ നശിക്കുന്നത്.

നഴ്‌സറികളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പദ്ധതികൾ തയ്യാറാക്കണമെന്ന്‌ കേരകർഷകസംഘം ജില്ലാ സെക്രട്ടറി ടി. ചന്ദ്രൻ ആവശ്യ​പ്പട്ടു.

കൃഷിവകുപ്പിന്റെ ഫാമിൽനിന്ന് നേരിട്ടെത്തിക്കുന്ന തൈകളാണ് കൃഷിഭവൻ വഴി വിതരണംചെയ്യുന്നതെന്നും മറ്റു പദ്ധതികൾ നിലവിലില്ലെന്നും കൃഷി ഓഫീസർ പി. ശ്യാംദാസ് അറിയിച്ചു.

Content Highlights: World coconut day, obstacles in the field of coconut farming