താമരശ്ശേരി: ശക്തമായ മഴയിൽ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ വ്യാപകനാശം. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായെന്ന് സംശയം. ബുധനാഴ്ച പുലർച്ചെ ചെമ്പുകടവ് പുഴ കരകവിഞ്ഞൊഴുകി. ചെമ്പുകടവ് പാലത്തിനുമുകളിലൂടെ മലവെള്ളം കുത്തിയൊലിച്ചു.

പുതുപ്പാടി പഞ്ചായത്തിലെ പുഴകളെല്ലാം ബുധനാഴ്ച രാവിലെ കരകവിഞ്ഞൊഴുകി. അടിവാരം പൊട്ടിക്കൈ പുഴ കരകവിഞ്ഞ് രണ്ടുവീടുകളിൽ വെള്ളം കയറി. പൊട്ടിക്കൈ തടയണമുക്ക്‌ ഭാസ്കരൻ, പൊട്ടിക്കൈ സതീദേവി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഈ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്‌ താമസം മാറ്റി.

പുതുപ്പാടി കനലാട്ട് പട്ടികവർഗ കോളനിയിൽ തൊട്ടടുത്തുള്ള വനത്തിൽനിന്ന് വലിയ തേക്കുമരം കടപുഴകി വീടുകളുടെ മുകളിൽ വീണു. ഒരു വീട് പൂർണമായും വേറൊന്ന് ഭാഗികമായും തകർന്നു.

കനലാട് മാധവിയുടെ വീടാണ് പൂർണമായും തകർന്നത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂരയിലേക്കാണ് മരം വീണത്‌. ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മാധവിയും മകന്റെ ഭാര്യയും മൂന്ന് ചെറിയ കുട്ടികളും വീടിനകത്തുണ്ടായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് മേൽക്കൂരയിലെ ഷീറ്റും മറ്റും പതിച്ചു. ആർക്കും പരിക്കില്ല.

കനലാട് വേലായുധന്റെ വീടിനും നാശമുണ്ടായി. വീടിന്റെ തൂൺ തകർന്നു.

രാവിലെ പുഴകൾ കരകവിഞ്ഞതിനെത്തുടർന്ന് പുതുപ്പാടി പഞ്ചായത്തിലെ സ്കൂളുകൾക്ക് ബുധനാഴ്ച കളക്ടർ അവധി നൽകിയിരുന്നു

ബുധനാഴ്ച പകൽ മഴയുടെ ശക്തി കുറഞ്ഞതോടെ പുഴയിൽ ജലനിരപ്പ് താണു. വൈകുന്നേരം ശക്തമായ മഴയും കാറ്റുമുണ്ടായി. ചിലയിടങ്ങളിൽ ചുഴലിക്കാറ്റ് വീശിയത് വലിയ നാശമുണ്ടാക്കി. മരങ്ങൾ വീണ് റോഡുകളിൽ ഗതാഗതം മുടങ്ങി. വൈദ്യുതി ബന്ധം താറുമാറായതോടെ രാത്രി പലയിടങ്ങളും ഇരുട്ടിലാണ്.