image

വടകര: അമ്മ വോട്ടുചെയ്യാൻ ബൂത്തിൽ കയറിയപ്പോൾ പുറത്ത് പിഞ്ചുകുഞ്ഞിനെയും എടുത്തുനിൽക്കുന്ന ഹോംഗാർഡിന്റെ ചിത്രം തിരഞ്ഞെടുപ്പുദിവസത്തെ വൈറൽ കാഴ്ചയായി. വടകര ലോക്‌സഭാ മണ്ഡലത്തിലെ വള്ള്യാട് യു.പി സ്‌കൂൾ 115-ാം ബൂത്തിലാണ് സംഭവം.

രാവിലെ വളള്യാട് സ്വദേശിനിയായ യുവതി പിഞ്ചുകുഞ്ഞിനെയുമെടുത്ത് വോട്ടുചെയ്യാൻ എത്തിയതായിരുന്നു. ബൂത്തിൽ കയറുമ്പോൾ ഇവരുടെകൂടെ ആരും ഇല്ലാത്തത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ രാധാകൃഷ്ണൻ കുഞ്ഞിനെ വാങ്ങി. രാധാകൃഷ്ണൻ കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ദൃശ്യം ഈ സമയത്ത് ഇവിടെ കളക്ടറേറ്റിൽ നിന്നെത്തിയ ജീവനക്കാരനാണ് പകർത്തിയത്. പിന്നാലെ ഇവ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രചരിച്ചു.

വടകര ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡാണ് ചെങ്ങോട്ടുകാവ് സ്വദേശിയായ രാധാകൃഷ്ണൻ. താൻ ചെയ്തത് വലിയ കാര്യമാണൊന്നും ഇദ്ദേഹം കരുതുന്നില്ല. ’ അവരുടെകൂടെ ആരുമില്ലാത്തത് കണ്ടപ്പോൾ വിഷമംതോന്നി... ഉടൻതന്നെ കുഞ്ഞിനെവാങ്ങി...’ രാധാകൃഷ്ണൻ മാതൃഭൂമിയോടു പറഞ്ഞു.

Content Highlights: Viral Police in 2019 Loksabha Elections