വേളം: പുഴയും കുന്നുകളും പാടശേഖരങ്ങളും പൊലിമചാർത്തുന്ന വേളം പഞ്ചായത്ത് വിനോദസഞ്ചാരമേഖലയിൽ കുതിപ്പിനൊരുങ്ങുന്നു. മനോഹരമായ പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി തയ്യാറാക്കി പഞ്ചായത്ത് ടൂറിസംവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ സ്വകാര്യ ടൂറിസ്റ്റ് സംരംഭകരുടെയും ഇഷ്ടകേന്ദ്രമാവുകയാണ് വേളം. വേളം പഞ്ചായത്ത് പരിധിയിൽ മൂന്നുകേന്ദ്രങ്ങളാണ് ഇത്തരത്തിലുള്ളത്.

ഉയിർപ്പേകാൻ ഉത്തായി മണപ്പുറം

ഗുളികപ്പുഴമുതൽ ഉത്തായി മണപ്പുറംവരെയുള്ള ഭാഗം ഇക്കോടൂറിസത്തിന് ഏറ്റവും യോജിച്ചതാണെന്നാണ് വിലയിരുത്തൽ. ഏക്കർകണക്കിന് പുഴയോരം ഇവിടെ ഉപയോഗപ്പെടുത്താനാകും. ഉത്തായി മണപ്പുറത്തോടുചേർന്നുള്ള രണ്ടേക്കർസ്ഥലം തരിശായിക്കിടക്കുകയാണ്. പുഴയോരപാർക്ക് ഉൾപ്പെടെയുള്ളവ സജ്ജമാക്കാൻ സാധിക്കും.

ഒപ്പംതന്നെ ബോട്ടുസർവീസും ആരംഭിക്കാനാകും. ജാനകിക്കാട് ഇക്കോടൂറിസം, കക്കയം ടൂറിസം പദ്ധതി എന്നിവയെ ബന്ധിപ്പിച്ച് ബോട്ടുസർവീസ് യാഥാർഥ്യമായാൽ വലിയസാധ്യതകളാണ് തുറക്കുക. ഫാംടൂറിസത്തിനും യോജിച്ച സ്ഥലമാണ് വേളം. ഇന്നും ഏക്കർകണക്കിന് നെൽപ്പാടങ്ങൾ വേളത്തിന്റെ സമ്പത്താണ്. അതിമനോഹരമായ കാഴ്ചയാണ് ഈ പാടങ്ങൾ സമ്മാനിക്കുന്നത്. ഇവ കേന്ദ്രീകരിച്ച് ഫാംടൂറിസത്തിനും മികച്ചസാധ്യതയുണ്ട്.

സ്വകാര്യ സംരംഭകരുടെ ഇഷ്ടകേന്ദ്രം

പെരുവയൽ ചമ്പോട് പ്രവർത്തിക്കുന്ന എം.എ. അഗ്രിപാർക്ക് നേരത്തേ ഒട്ടേറെപ്പേർ എത്തിയ സ്വകാര്യ വിനോദസഞ്ചാരകേന്ദ്രമായിരുന്നു. വേളത്തിന്റെ പുഴയോരഭംഗി ആസ്വദിക്കുന്നതിനുപുറമേ, ഫാംടൂറിസത്തിന്റെയും കേന്ദ്രമാണിവിടം. കോവിഡിനുമുമ്പ് ഇഷ്ടംപോലെ സഞ്ചാരികളെത്തിയിരുന്നു. തുലാറ്റുനടയിലെ ഏക്കർകണക്കിന് പാടത്തിന് അഭിമുഖമായിവരുന്ന മറ്റൊരു സ്വകാര്യസംരംഭമാണ് മിഡോ വ്യൂ റെസിൻഷ്യൽ എന്റർടെയ്‌ൻമെന്റ് പാർക്ക്.

ഈരീതിയിൽ കേരളത്തിലെ ആദ്യസംരംഭമാണിതെന്നാണ് അവകാശവാദം. റിസോർട്ട്, ഹെൽത്ത് ക്ലബ്ബ്, ഹോട്ടൽ ആൻഡ് ബേക്കേഴ്‌സ്, ബ്യൂട്ടിപാർലർ, സ്വിമ്മിങ്പൂൾ, ഗെയിം സെന്റർ, എന്റർടെയ്‌ൻമെന്റ് ഏരിയ എന്നിവയെല്ലാം സജ്ജമായിക്കഴിഞ്ഞു. ഒപ്പം പാടത്തിന്റെ ഭംഗിയും ആസ്വദിക്കാം. മറ്റൊരു പദ്ധതി മണിമലയിൽ വരുന്ന ഇന്റർനാഷണൽ ചിൽഡ്രൻസ് പാർക്കാണ്.

ദുബായ് ആസ്ഥാനമായുള്ള ആക്ടീവ് എന്റർടെയ്‌ൻമെന്റ് ഗ്രൂപ്പ് ഇതിന്റെ പ്രാരംഭനടപടികൾ തുടങ്ങി.

കോടിക്കണക്കിനുരൂപയുടെ നിക്ഷേപമാണ് ഇവിടെ വരുന്നതെന്നറിയുന്നു. നിർദിഷ്ട നാളികേരപാർക്കും വരുന്നത് വേളം മണിമലയിലാണ്.

ഇതോടൊപ്പംതന്നെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലും പദ്ധതികൾ ആരംഭിച്ചാൽ വേളം പ്രധാനപ്പെട്ട ടൂറിസം ഹബ്ബായി മാറുന്നകാലം വിദൂരമല്ലെന്നാണ് വിലയിരുത്തൽ. ഇതിനുള്ള നടപടികൾക്ക് തുടക്കംകുറിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പറഞ്ഞു.

പ്രകൃതിസൗന്ദര്യം സംരക്ഷിക്കണം

ഉത്തായി മണപ്പുറം പോലെയുള്ള പ്രദേശങ്ങൾ വിനോദസഞ്ചാരികൾക്കുവേണ്ടി രൂപപ്പെടുത്തുമ്പോൾ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യം സംരക്ഷിക്കപ്പെടണം. ഗുളികപ്പുഴയോരവും വിനോദസഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമാണ്.

ഒ. ഹരിദാസ്

(സാംസ്കാരികപ്രവർത്തകൻ)

പ്രകൃതി കനിഞ്ഞരുളിയ പ്രദേശം

പ്രകൃതി കനിഞ്ഞരുളിയ മനോഹരപ്രദേശങ്ങളാണ് വേളം പഞ്ചായത്തിലുടനീളം ഉള്ളത്. ഇവയൊക്കെ പ്രയോജനപ്പെടുത്താൻ സാധിച്ചാൽ വേളം വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടുമെന്ന്‌ ഉറപ്പാണ്.

കെ.കെ. ഷൈജു

(ഗുളികപ്പുഴ പ്രദേശവാസി)

പദ്ധതികൾ സമർപ്പിച്ചു

വേളം പഞ്ചായത്തിലെ പുഴയോരങ്ങളും മലകളും ബന്ധിപ്പിച്ച് വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശദമായ പദ്ധതിറിപ്പോർട്ട് എം.എൽ.എ. മുഖാന്തരം സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, സാധ്യതകൾ ഉപയോഗപ്പെടുത്താൻ കർമപദ്ധതികളുംവേണം.

സുമ മലയിൽ

(വാർഡ് മെമ്പർ, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ)

Content Highlights: Velam is ready to attract nature lovers and travellers