വേളം: മുഹമ്മദ് മിർഷാദ് ഓരോ ദിവസവും കഴിയുന്നത് സന്തോഷത്തോടെയാണ്. ഡിസംബറിൽ സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം നടക്കാനിരിക്കുന്ന ഡൽഹി യാത്രയുടെ ആവേശത്തിലാണ് ഈ മിടുക്കൻ.
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മിർഷാദ്. മരുതോങ്കര അടുക്കത്ത് മണ്ണൂർറോഡിന് സമീപമാണ് വീട്. തന്റെ മുറിയിൽനിന്ന് പിതാവിന്റെയോ മാതാവിന്റെയോ തോളിലേറി ക്ലാസ് മുറിക്കുള്ളിലേക്കും ആശുപത്രിയിലേക്കും ചില ബന്ധുവീടുകളിലേക്കും മാത്രം യാത്രപരിചയമുള്ള ഈ ഭിന്നശേഷിക്കാരന്റെ ജീവിതം സ്വപ്നങ്ങൾ മാത്രം നിറഞ്ഞതാണ്. കുറ്റ്യാടി ഗവ. ഹയർസെക്കൻഡറിയിൽ നിന്ന് ജില്ലാതലത്തിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ ഇംഗ്ലീഷ് റോൾ പ്ളേയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിർഷാദിന്റെ ചെറിയലോകം മാറിമറിയുന്നത്. സ്കൂൾ ഗ്രൗണ്ട് പോലും അന്യമായിരുന്ന മിർഷാദിന് റോൾപ്ളേ പരിശീലന ദിനങ്ങൾ ആഹ്ളാദം അലതല്ലുന്നതായിരുന്നു. ഇംഗ്ലീഷ് ഭാഷ ആദ്യമൊന്നും നന്നായി വഴങ്ങിയില്ലെങ്കിലും റോൾപ്ളേക്ക് നേതൃത്വം നൽകിയ അധ്യാപിക കെ.എ. രേഖ പകർന്നു നൽകിയ ധൈര്യവും ആത്മവിശ്വാസവും കുറഞ്ഞ ദിവസങ്ങൾകൊണ്ട് തന്നെ മികച്ച പ്രകടനത്തിലെത്താൻ മിർഷാദിന് കഴിഞ്ഞു. മിർഷാദ് കേന്ദ്ര കഥാപാത്രമായ റോൾപ്ളേ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടുകയും ചെയ്തു.
ഡിസംബർ മൂന്ന് മുതൽ ആറുവരെ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഒരുങ്ങുമ്പോഴും യാത്ര കഴിഞ്ഞാൽ നാല് ചുവരുകൾക്കിടയിൽ ഒതുങ്ങേണ്ടിവരുമോ എന്ന ദുഃഖത്തിലാണ് മിർഷാദ്. ജന്മനാ ബാധിച്ച സ്പാസ്റ്റിക് ഡിപ്ലീജിയ എന്ന സെറിബ്രൽ പാൾസിയുടെ വകഭേദമായ രോഗത്തിന് അടിമപ്പെട്ടതാണ് മിർഷാദിന്റെ ജീവിതം. കാലിന്റെ പേശികൾ ഉറച്ചു പോയത് കാരണം നടക്കാൻ പറ്റാതിരുന്ന മിർഷാദിന് പന്ത്രണ്ടാം വയസ്സിൽ മംഗളൂരുവിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് അല്പമെങ്കിലും ചലന സ്വാതന്ത്ര്യം കിട്ടിയത്. കുറ്റ്യാടിയിലെ ഹോട്ടൽത്തൊഴിലാളിയായ അമ്പലപ്പറമ്പിൽ അബ്ദുസമദിന്റെയും റഷീദയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് മിർഷാദ്. ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ രോഗം ഭേദമാകും എന്ന പ്രതീക്ഷയിലാണ് പിതാവ്. നടന്നുപോകാൻ നല്ലൊരു വഴിപോലുമില്ലാത്ത അഞ്ച് സെന്റ് സ്ഥലത്തെ കൂരയിലാണ് കുടുംബം താമസിക്കുന്നത്. ഇടുങ്ങിയ ഇടവഴിയിലൂടെ നൂറ് മീറ്ററെങ്കിലും മിർഷാദിനെ താങ്ങിയെടുത്ത് വേണം വാഹന സൗകര്യമുള്ള റോഡിലെത്തിക്കാൻ. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന പിതാവിന് ഇത് സാധ്യവുമല്ല. മാത്രമല്ല നേരത്തേ മകന്റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചതിന്റെ കടബാധ്യത തീർന്നിട്ടുമില്ല. നിത്യവും 100 രൂപ ഓട്ടോറിക്ഷയ്ക്ക് കൊടുത്താണ് സമദ് മകനെ സ്കൂളിലേക്ക് അയക്കുന്നത്.