കോഴിക്കോട് : ‘‘പാർക്കിങ് ഏരിയയിൽനിന്ന്‌ മാസങ്ങളോളമായിട്ടും ഒരു കാർ മാറ്റാത്തതിനെ ത്തുടർന്ന് കരാറുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കാറിന്റെ നമ്പർ പ്രകാരം ഉടമസ്ഥനെ കണ്ടെത്തി. ഒമ്പതു കാറുകളുള്ള ഉടമ കാർ എവിടെയാണ് പാർക്ക് ചെയ്തതെന്ന് മറന്നിരുന്നുവെന്നും അതിനായി അന്വേഷണം നടത്തുകയാണെന്നുമാണ് മറുപടി കിട്ടിയത്”, കോഴിക്കോട് റെയിൽവേ പാർക്കിങ് കരാറുകാരൻ രാജേഷ് പറയുന്നു.

മറന്നുപോയതും മോഷണംപോയതും ക്രിമിനലുകൾ ഉപേക്ഷിച്ചതുമായ വാഹനങ്ങളാണ് നഗരത്തിൽ അനാഥമായി കിടക്കുന്നത്. ‌കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്‌ പാർക്കിങ്, റെയിൽവേ പാർക്കിങ്, വൈക്കം മുഹമ്മദ് ബഷീർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഉടമസ്ഥരിലാതെ വാഹനങ്ങളുള്ളത്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വണ്ടികളും ഇക്കൂട്ടത്തിലുണ്ട്.

റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്ഫോം പാർക്കിങ്ങിൽ ഏഴ് വാഹനങ്ങളുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും ഉടമകൾ എത്താത്തതിനെത്തുടർന്ന് പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ഏഴ് മാസമായി ആരുംവരാത്ത ബൈക്കു വരെ ഇവിടെയുണ്ട്. ദിവസേന രണ്ടായിരംവരെ വാഹനങ്ങളാണ് ഇവിടെ പാർക്കിങ്ങിനെത്തുന്നത്. നാലുമുതൽ 12 മണിക്കൂർവരെ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. വാഹനങ്ങളുടെ നമ്പർ എഴുതി വെക്കുമെങ്കിലും വാഹനങ്ങളെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ഇവർക്കുമറിയില്ല.

ഒരാഴ്ചമുമ്പ് ഇവിടെനിന്ന് ഒരു ബൈക്ക് പോലീസ് എടുത്തുമാറ്റിയിരുന്നു. ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. അവകാശികളെത്താത്ത മൂന്നുബൈക്കുകൾക്ക്‌ ചങ്ങലയിട്ടിട്ടുണ്ട്. വണ്ടികൾ പലതും തുരുമ്പെടുത്ത് നശിച്ചു.

കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെ പാർക്കിങ്ങിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഉടമസ്ഥരില്ലാതെ എത്ര വാഹനങ്ങൾ ഉണ്ടെന്ന കൃത്യമായ കണക്കില്ലെന്നാണ്‌ ജീവനക്കാർ പറയുന്നത്. എന്നാൽ മൂന്നുബൈക്കുകൾ ചങ്ങലയ്ക്ക് ഇട്ടനിലയിലും രണ്ട് ബൈക്കുകൾ അല്ലാതെയും ഉടമസ്ഥരില്ലാതെ ഇവിടെ കിടപ്പുണ്ട്. 1.15 ലക്ഷത്തോളം വിലവരുന്ന പൾസർ 220-ഉം കൂട്ടത്തിലുണ്ട്. വൈക്കം മുഹമ്മദ് ബഷീർ റോഡിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തായി ഒരുബൈക്കും സ്കൂട്ടറും ഏറക്കുറെ നശിച്ച അവസ്ഥയിലാണ്.

ഉടമസ്ഥരില്ലാതെ കിടക്കുന്നത് പലതും മോഷ്ടിക്കപ്പെട്ട വാഹനങ്ങളാണ്. അതിനാൽ തന്നെ ഈ വാഹനങ്ങൾ ഇവിടെ കൊണ്ടുവെച്ചവരെ കണ്ടെത്തുക പ്രയാസകരമാണ്. പാർക്കിങ്ങുകളിൽ സി.സി.ടി.വി. കാര്യക്ഷമമായി പ്രവർത്തിക്കുകയാണെങ്കിൽ ഇത്തരക്കാരെ പെട്ടെന്ന് പിടികൂടാനാകുമെന്ന് ആർ.പി.എഫ്. ഉദ്യോഗസ്ഥർ പറയുന്നു.

അജ്ഞാത വാഹനങ്ങളുടെ നമ്പർ, വാഹനത്തിന്റെ മോഡൽ

റെയിൽവേ

ടി.എൻ. 37 ബി.സി. 7293 ടി.വി.എസ്

കെ.എൽ. 56 എച്ച്. 7684 ആക്സസ്

കെ.എൽ. 10 ഇസെഡ് 3994 ഹീറോ ഹോണ്ട

കെ.എൽ. 10 എം. 9922 കാവസാക്കി

കെ.എൽ. 11 ബി.എ. 9917 ആക്സസ്‌

കെ.എസ്.ആർ.ടി.സി.

കെ.എൽ. 11 എ.ടി. 8662 മാസ്‌ട്രോ

കെ.എൽ. 56 എ 7037 സി.ബി. െസഡ് എക്സ്ട്രീം

കെ.എൽ. 07 എ.എൽ. 7972 മാക്സ് 100

കെ.എൽ. 10 ഡബ്ള്യു. 5157 ഹീറോ ഹോണ്ട

കെ.എൽ. 11 എൽ 7967 ഹീറോ ഹോണ്ട

കെ.എൽ. 11 എ.ജെ. 8398 പൾസർ 220

വൈക്കം മുഹമ്മദ് ബഷീർ റോഡ്

കെ.എൽ. 11 എ.ജെ. 8291 സ്കൂട്ടി

കെ.എൽ. 11 വി.3860 ബജാജ്

 

Content Highlights: Vehicles Without Owners in Kozhikode City, Strange Vehicls in Kozhikode