വട്ടോളി: വട്ടോളിയിൽ രണ്ട് സ്വകാര്യബസുകൾ ഇരുട്ടിന്റെമറവിൽ ആക്രമിച്ച് തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച പുലർച്ചെയാണ് ബസുകൾ തകർക്കപ്പെട്ടത്. പൗരത്വനിയമഭേദഗതിയിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ സർവീസ് നടത്തിയ ബസുകളാണ് തകർക്കപ്പെട്ടത്. ഒരു ഗ്രൂപ്പിന്റെ ബസുകൾ തിരഞ്ഞുപിടിച്ച് തകർക്കുകയും ജീവനക്കാരനെ ആക്രമിക്കുകയുംചെയ്ത സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വട്ടോളിയിൽ നടന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. പ്രതിഷേധപ്രകടനവും നടന്നു. എ.പി. കുഞ്ഞബ്ദുല്ല, വി.എം. ചന്ദ്രൻ, പി. നാണു, സി.വി. അഷ്റഫ്, ഷാജി വട്ടോളി, എ.വി. നാസറുദ്ദീൻ, സി.പി. സജിത എന്നിവർ നേതൃത്വം നൽകി. തൊട്ടിൽപ്പാലം വടകര റൂട്ടിൽ ബസുകൾക്ക് നേരെയും തൊഴിലാളികൾക്ക് നേരെയും നിരന്തരംനടക്കുന്ന അക്രമങ്ങൾ തടയാൻ ശക്തമായ നടപടിയെടുക്കാൻ പോലീസ് തയ്യാറാവണമെന്ന് എച്ച്.എം.എസ്. ജില്ലാസെക്രട്ടറി നീലിയോട്ട് നാണു ആവശ്യപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് രണ്ട് ബസുകൾ വട്ടോളിയിൽ അടിച്ചുതകർത്തത്. ഒരു ബസ് നേരത്തെയും തകർക്കപ്പെട്ടു. ജീവനക്കാരൻ അക്രമത്തിനിരയാവുകയുംചെയ്തു. ആദ്യംനടന്ന രണ്ട് സംഭവങ്ങളിലും കുറ്റവാളികളെ കണ്ടെത്താൻ പോലീസ് കാണിച്ച അനാസ്ഥയാണ് അക്രമം ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.