വളയം: മേഖലയിൽ ഇടയ്ക്കിടെ കണ്ടെത്തുന്ന വ്യാജ ബോംബുകൾ പോലീസിന് തലവേദനയായി മാറുന്നു. ശനിയാഴ്ച കുറുവന്തേരി മാട്ടാമ്മൽ മദ്രസ്സ പരിസരത്താണ് ഒറ്റനോട്ടത്തിൽ ബോംബെന്ന് തോന്നുന്ന വസ്തു പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നാട്ടുകാർ വളയം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇത് സ്റ്റേഷനിലേക്ക് മാറ്റി. ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോഴാണ് ഇത് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. നാദാപുരം മേഖലയിൽ നേരത്തേയും ഒട്ടേറെത്തവണ ഇത്തരത്തിൽ വ്യാജബോംബുകൾ പോലീസിനെ വട്ടംകറക്കിയിരുന്നു. മേഖലയിൽ ഇടയ്ക്കിടെ ബോംബുകൾ കണ്ടെടുക്കുന്നതിനാൽ സമാനമായ എന്ത് വസ്തുകണ്ടാലും നാട്ടുകാർ പോലീസിലറിയിക്കുന്നത് പതിവാണ്. അതേസമയം പോലീസിനെ വട്ടംകറക്കാൻ ചില തത്പരകക്ഷികളുടെ പണിയാണോ ഇത് എന്ന സംശയവുമുണ്ട്.