വളയം: കാട്ടുമൃഗശല്യത്തിന് പുറമേ മലയോരവാസികൾക്ക് ഇരുട്ടടിയായി പന്നിച്ചെള്ള് ശല്യവും. എളമ്പ, കണ്ടിവാതുക്കൽ, ചിറ്റാരി. ആയോട്, വാഴമല, വളയലായി മേഖലകളിലാണ് പന്നിച്ചെള്ള് ശല്യം രൂക്ഷമായത്.
കാട്ടുപന്നികളുടെ ശരീരത്തിലുണ്ടാവുന്ന ചെള്ളുകൾ മലയോരവാസികളുടെ ജീവന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. നേരത്തേ ഒറ്റപ്പെട്ട മേഖലകളിൽമാത്രം കണ്ടുവന്നിരുന്ന ചെള്ളുകൾ മലയോരമേഖലയിലാകെ വ്യാപിച്ചിരിക്കുകയാണ്. ഇതോടെ കർഷകർക്കിടയിൽ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. വീടുകൾക്ക് ഉള്ളിലും, ഭക്ഷണപദാർഥങ്ങളിൽവരെ ചെള്ളുകളുടെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയിട്ടുണ്ട്. മാത്രമല്ല കൃഷിയിടങ്ങളിൽ ജോലിചെയ്യുന്ന കർഷകരെയും ചെള്ള് ആക്രമിക്കുന്നത് പതിവാണ്.
വനമേഖലയിൽനിന്ന് പന്നികളും മറ്റും നാട്ടിലിറങ്ങാൻ തുടങ്ങിയതോടെയാണ് ഇവ ജനവാസമേഖലകളിൽ വ്യാപകമായത്. പന്നിയുടെ ശരീരത്തിൽനിന്ന് സസ്യങ്ങളിലേക്ക് വീഴുന്ന ചെള്ളുകൾ മനുഷ്യർ കടന്നുപോകുമ്പോൾ ശരീരത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്. പിന്നീട് രോമക്കുഴികൾ വഴിയും മുറിവുകളിൽ കൂടെയും ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നു. രണ്ടുദിവസങ്ങൾക്കുള്ളിൽ ചെള്ളുകൾ കയറിയ ശരീരഭാഗത്ത് കടുത്ത വേദനയും പിന്നീട് പഴുത്തുവ്രണമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒട്ടേറെപ്പേരാണ് ആുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്.
ശരീരത്തിൽ കയറുന്ന ചെള്ളുകളെ തിരിച്ചറിയാനും എടുത്തുമാറ്റാനും ബുദ്ധിമുട്ടാണ്. മൂർച്ചയേറിയ ആയുധങ്ങൾകൊണ്ട് എടുത്തുകളയുകയാണ് പതിവ്. എന്നാൽ നിശ്ചിതഎണ്ണം ചെള്ളുകൾ ശരീരത്തിൽ കയറിയാൽ വൈദ്യസഹായം തേടുകയേ മാർഗമുള്ളൂ. ഇതോടെ റബ്ബർടാപ്പിങ് ഉൾപ്പടെയുള്ള ജോലികൾക്ക് പോകാൻ കർഷകർ മടിക്കുകയാണ്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്ന ചെള്ളിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വലയുകയാണ് മലയോരനിവാസികൾ.