വടകര: കാത്തിരിപ്പിനൊടുവിൽ സുവീരന്റെ ‘ഭാസ്‌കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും’ എന്ന നാടകം അരങ്ങിലെത്തി. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ടൗൺഹാളിൽ ഞായറാഴ്ച രണ്ടുപ്രദർശനങ്ങൾ. ഭാസ്‌കരപ്പട്ടേലരെയും തൊമ്മിയെയും ഓമനയെയും സരോജക്കയെയുമെല്ലാം വടകര ഹൃദയത്തിലേറ്റി.

നാടകത്തിന്റെ കേരളത്തിലെ ആദ്യപ്രദർശനമാണ് എഫാസിന്റെ നേതൃത്വത്തിൽ വടകരയിൽ നടന്നത്. സക്കറിയയുടെ ‘ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റിനെ ആധാരമാക്കിയാണ് സുവീരൻ നാടകം ഒരുക്കിയത്.

സിനിമാതാരം മണികണ്ഠൻ ആചാരിയുടെ (കമ്മട്ടിപ്പാടം) സാന്നിധ്യമാണ് ഏറെ ആകർഷകമായത്. തൊമ്മിയെ അവതരിപ്പിച്ചത് മണികണ്ഠനാണ്. ഭാസ്‌കരപ്പട്ടേലരായി ദുബായിലെ മലയാളി ഒ.ടി. ഷാജഹാനും ഓമനയായി ദുബായിൽനിന്നുള്ള നർത്തകി ഷെറിനും വേഷമിട്ടു. സരോജക്കയായത് ബിന്ദു ജയനാണ്. യൂസഫിച്ചയായി വടകരയുടെ സ്വന്തം കലാകാരൻ ഷിനിൽ വടകര രംഗത്തെത്തി.

രഘുരാം, കനകരാജ് മയ്യന്നൂർ, സന്ദീപ് മേമുണ്ട, റിയ പർവ്വീൺ, റിയ ജലീൽ, സുരേന്ദ്രൻ, ഇസ്മയിൽ കടത്തനാട്, ഭരതൻ കാവിൽ, എൻ.കെ. ദാസൻ, വിജയൻ കുട്ടോത്ത് എന്നിവരും വേഷമിട്ടു. ശിവദാസ് പുറമേരിയാണ് ഗാനങ്ങൾ ഒരുക്കിയത്. പ്രശാന്ത്, ആദേശ്, റോയ്, വിജു ജോസഫ്, അഭിനന്ദ്, സുരേന്ദ്രൻ, രാജീവ് ചാം, കെ.ഡി. സനീഷ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിച്ചു. ആദ്യത്തെ പ്രദർശനം എഫാസ് അംഗങ്ങൾക്കും രണ്ടാമത്തെ പ്രദർശനം പൊതുജനങ്ങൾക്കുമായിരുന്നു.