വടകര: പ്രവചനങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. വടകര ബ്ലോക്ക് പഞ്ചായത്തിലെയും ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തുകളിലെയും രാഷ്ട്രീയകാലാവസ്ഥ അത്രത്തോളം മാറിയിട്ടുണ്ട്. മുമ്പൊരിക്കലും കാണാത്ത പോരാട്ടത്തിന്റെ ചൂട് ഇവിടെ കാണാം. പലർക്കും ഇവിടെ ശക്തി തെളിയിക്കണം... നേടണം. യു.ഡി.എഫിനൊപ്പം ആർ.എം.പിയും ചേരുന്ന ജനകീയമുന്നണിയാണ് എൽ.ഡി.എഫിനെ നേരിടുന്നത്. ജനകീയമുന്നണി പരീക്ഷണശാലയിൽ വിജയം ആർക്കൊപ്പം എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വടകര ബ്ലോക്കിനെ ശ്രദ്ധേയമാക്കുന്നതും ഇതുതന്നെ.

കല്ലാമലയെന്ന ഒരൊറ്റ ഡിവിഷന്റെ പേരിൽ സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്താണ് വടകര. ജനകീയമുന്നണി സ്ഥാനാർഥിക്കു പുറമേ കെ.പി.സി.സി. പ്രസിഡന്റിന്റെ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥിയും മത്സരരംഗത്തിറങ്ങിയതോടെയാണ് കല്ലാമല ശ്രദ്ധിക്കപ്പെട്ടത്.

കഴിഞ്ഞ രണ്ടുതവണ നഷ്ടപ്പെട്ട വടകര ബ്ലോക്ക് ഇത്തവണ എങ്ങനെയും തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ്. വരവ്. എൽ.ജെ.ഡി. മറുപക്ഷത്ത് പോയതിനു ശേഷവും ആർ.എം.പി. രൂപവത്കരിച്ച ശേഷവും ഇടതുമുന്നണിക്ക് ബ്ലോക്കിൽ ഭരണംപിടിക്കാൻ സാധിച്ചിട്ടില്ല. ഈയൊരു സ്ഥിതിക്ക് എൽ.ജെ.ഡിയുടെ വരവോടെ അന്ത്യമാകുമെന്നാണ് എൽ.ഡി.എഫ്. പ്രതീക്ഷ. എൽ.ജെ.ഡിയുടെ ശക്തികേന്ദ്രങ്ങളാണ് ഏറാമലയും അഴിയൂരും ചോറോടുമെല്ലാം. ആർ.എം.പി. വോട്ടുകൾ യു.ഡി.എഫിലേക്ക് പോകുമ്പോൾ അതിനെ എൽ.ജെ.ഡി. വോട്ടുകൊണ്ട് മറികടക്കാമെന്നതാണ് മുന്നണിയുടെ കണക്കുകൂട്ടൽ.

സർക്കാറിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും പത്തുവർഷത്തെ ബ്ലോക്ക് ഭരണത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടിയുമാണ് പ്രചാരണം കൊഴുക്കുന്നത്. എട്ട് സീറ്റിൽ കൂടുതൽ എന്തായാലും നേടാൻ കഴിയുമെന്നുതന്നെയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. മുന്നണിയുടെ കെട്ടുറപ്പിനുപുറമേ എതിർപാളയത്തിലെ പ്രശ്‌നങ്ങളും സഹായകരമാകുമെന്ന് എൽ.ഡി.എഫ്. കരുതുന്നു. ചോമ്പാലയിൽ ജനകീയമുന്നണിക്ക് വിമതശല്യമുണ്ട്. കല്ലാമലയിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കിയെങ്കിലും യു.ഡി.എഫിന്റെ അടിത്തട്ടിൽ ആളുന്നുണ്ടെന്നും എൽ.ഡി.എഫ്. കണക്കുകൂട്ടുന്നു. ഇത് യു.ഡി.എഫ്. വോട്ടുകൾ ഭിന്നിക്കുന്നതിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. ആർ.എം.പി.-യു.ഡി.എഫ്. ബന്ധവും വെൽഫെയർ പാർട്ടി ബന്ധവുമെല്ലാം എൽ.ഡി.എഫ്. പ്രചാരണവിഷയങ്ങളാക്കുന്നുണ്ട്.