വടകര: ജെ.ടി. റോഡിലെ ദീപ്തി ഗ്യാസ് ഏജൻസി ഓഫീസിന്റെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ സി.സി.ടി.വി. സംവിധാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) കവർന്നു. മുൻവശത്തുള്ള ക്യാമറ വളച്ചുവെച്ചിട്ടുമുണ്ട്. സ്ഥാപനത്തിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഷട്ടർ തകർത്ത് ഉള്ളിൽ കടന്നശേഷം സി.സി.ടി.വി. ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഡി.വി.ആറുമായി കടന്നതാണെന്ന് സംശയിക്കുന്നു. മുൻവശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അകത്തെമുറിയിലെ അലമാരയിലെ ഫയലുകളെല്ലാം വാരിവലിച്ചിട്ടനിലയിലാണ്. പിറകിലുള്ള മുറിയിലാണ് ഡി.വി.ആർ ഉണ്ടായിരുന്നത്. ഇത് അഴിച്ചെടുക്കുകയായിരുന്നു. ഗ്യാസ് ഏജൻസി ഉടമ എം.ടി. പ്രദീപ്കുമാറിന്റെ പരാതിപ്രകാരം വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോൺവെന്റ് റോഡിലെ നവരത്ന ജ്വല്ലറിയിലും മോഷണശ്രമം നടന്നു. പൂട്ട് തകർത്താണ് ഇവിടെയും അകത്തുകടന്നത്. അലമാര കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടനിലയിലാണ്. സാധനങ്ങൾ ഒന്നുംത്തന്നെ നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാക്കൾ ഉപേക്ഷിക്കപ്പെട്ടെന്ന് കരുതുന്ന ഒരു കമ്പിപ്പാര ടൗൺഹാളിനുസമീപത്തെ എം.ബി.കെ. ബിൽഡിങ്ങിന് സമീപത്തുനിന്നും പോലീസ് കണ്ടെടുത്തു.