mubrazaവടകര: മുംബൈയിൽ നിന്നെത്തിയ തന്നെ മാഹിയിലെ ലോഡ്ജിലാക്കി കടന്നുകളഞ്ഞ ഭർത്താവിനെതിരേ നൽകിയ പരാതിയിൻമേൽ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപവുമായി യു.പി. സ്വദേശിനി.

യു.പി. ബസ്തി ജില്ലയിലെ മുണ്ടേർവ സ്വദേശിനി മുബ്രസ ഖാനാ (34)ണ് നാദാപുരം പോലീസിലും കോഴിക്കോട് റൂറൽ എസ്.പിക്കുംവരെ പരാതി നൽകി നീതിതേടി പത്തുദിവസമായി മാഹിയിലെ ലോഡ്ജിൽ കഴിയുന്നത്. ഒട്ടേറെത്തവണ നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയെങ്കിലും യു.പി.യിൽ പോയി പരാതി കൊടുക്കാനാണ് പോലീസ് നിർദേശിച്ചതെന്ന് മുബ്രസ വടകരയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു. നീതി കിട്ടുംവരെ ഇവിടെത്തുടരുമെന്നും മുബ്രസ വ്യക്തമാക്കി.

ഓഗസ്റ്റ് പതിന്നാലിനാണ് ഭർത്താവായ പെരിങ്ങത്തൂർ സ്വദേശി, ഇപ്പോൾ നാദാപുരം പേരോട് താമസിക്കുന്ന നൂറുദ്ദീനെ തേടി മുബ്രസ നാദാപുരത്തെത്തിയത്. പേരോടിലെത്തിയ മുബ്രസയെ നാദാപുരം പോലീസെത്തി കൂട്ടിക്കൊണ്ടുപോവുകയും വൈകീട്ട് നൂറുദ്ദീനെ വിളിച്ചുവരുത്തി സംസാരിച്ചശേഷം നൂറുദ്ദീനൊപ്പം വിടുകയും ചെയ്തു. നൂറുദ്ദീനാണ് മാഹിയിലെ ലോഡ്ജിൽ കൊണ്ടുപോയി താമസിപ്പിച്ചത്. ഉടൻ വരാമെന്ന് പറഞ്ഞ് പുറത്തുപോയ നൂറുദ്ദീൻ പിന്നെ വന്നില്ലെന്നാണ് പരാതി.

തുടർന്ന് മുബ്രസ നാദാപുരം സ്റ്റേഷനിൽ വിവരമറിയിച്ചു. പിറ്റേന്ന് സ്റ്റേഷനിലേക്ക് വരാനാണ് നിർദേശിച്ചത്. പിറ്റേന്ന് രാത്രി ഏഴുമണിവരെ സ്റ്റേഷനിൽ ഇരുന്നശേഷം മടങ്ങി. അടുത്ത ദിവസവും സ്റ്റേഷനിലെത്തിയെങ്കിലും നിങ്ങളുടെ പരാതി ഇവിടെ സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മടക്കുകയാണുണ്ടായതെന്ന് മുബ്രസ പറഞ്ഞു.

17-ന് റൂറൽ എസ്.പി.യെ കണ്ട് പരാതി നൽകി. അടിയന്തര നടപടി സ്വീകരിക്കുമെന്ന് എസ്.പി. ഉറപ്പുനൽകി. അന്ന് രാത്രി നാദാപുരം സി.ഐ ഫോണിൽ വിളിച്ച് സ്‌റ്റേഷനിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. പിറ്റേന്ന് സ്റ്റേഷനിലെത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. 21-ന് എസ്.പി.യെ വീണ്ടും വിളിച്ച് കാര്യങ്ങൾ പറഞ്ഞു. നടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നൂറുദ്ദീനെ കണ്ടെത്താനോ, തന്റെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾപ്രകാരം മൊഴിയെടുക്കാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് മുബ്രസ പറഞ്ഞു.

മുംബൈയിൽ താമസിക്കുന്ന മുബ്രസയെ സമീപത്ത് വ്യാപാരം നടത്തിവന്നിരുന്ന നൂറുദ്ദീൻ 2019 ഏപ്രിൽ 16-നാണ് വിവാഹം ചെയ്തത്. ഇതിനുശേഷം പലതവണയായി തന്നിൽനിന്നും സഹോദരൻമാരിൽനിന്നും എട്ടുലക്ഷത്തോളം രൂപയും തന്റെ സ്വർണാഭരണവും നൂറുദ്ദീൻ വാങ്ങിയിട്ടുണ്ടെന്ന് മുബ്രസ എസ്.പി.ക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. തിരിച്ചുവരാതായതോടെയാണ് നൂറുദ്ദീനെ തേടി മുംബൈയിൽനിന്ന് മുബ്രസ നാദാപുരത്തെത്തിയത്.

‘നൂറുദ്ദീനെ കണ്ടെത്തിയശേഷം തുടർനടപടി ’

നിലവിൽ ഇതൊരു കുടുംബപ്രശ്നമാണെന്നും നൂറുദ്ദീനെ കണ്ടെത്താൻ പോലീസ് നടപടി ഊർജിതമാക്കിയിട്ടുണ്ടെന്നും റൂറൽ എസ്‌.പി. ഡോ. എ. ശ്രീനിവാസ്‌ പറഞ്ഞു. ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. ഇയാളെ കണ്ടെത്തിയശേഷം തുടർനടപടി സ്വീകരിക്കും.