കോഴിക്കോട്: സാഹിത്യകാരൻ യു.എ. ഖാദറിന്റെ തുടർചികിത്സാ ചെലവിനുള്ള തുക എ. പ്രദീപ്കുമാർ എം.എൽ.എ. അദ്ദേഹത്തിന് കൈമാറി. യു.എ. ഖാദറിന്റെ വസതിയിൽ എത്തിയാണ് തുക നൽകിയത്.

അദ്ദേഹത്തിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 10 ലക്ഷം രൂപയാണ് ചികിത്സാചെലവിലേക്ക് അനുവദിച്ചത് .

സാഹിത്യലോകത്ത് ഏറ്റവും മൂല്യമുള്ള വ്യക്തികളിൽ ഒരാളാണ് യു.എ. ഖാദറെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ. പറഞ്ഞു. സർക്കാർ നൽകുന്ന സഹായം സാഹിത്യജീവിതത്തിലേക്ക് കൂടുതൽ ഊർജസ്വലമായി തിരിച്ചുവരാൻ പ്രചോദനമായെന്ന് യു.എ. ഖാദർ പറഞ്ഞു. മറ്റാരോടും ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല. തന്റെ സാഹിത്യജീവിതത്തിന് സർക്കാർ മൂല്യം നൽകിയെന്നും ഇപ്പോൾ ലഭിച്ച പത്ത് ലക്ഷംരൂപ തന്നെ പുനരുജ്ജീവിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുംശേഷം തുടർചികിത്സയിൽ ആയിരുന്നു യു.എ. ഖാദർ. കോഴിക്കോട് തഹസിൽദാർ എൻ. പ്രേമചന്ദ്രൻ, വളയനാട് വില്ലേജ് ഓഫീസർ ടി. പ്രസാദ്, ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ കെ. ബാലരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: UA Khader