വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ വലിയമലയ്ക്ക് താഴെയുള്ള പ്രദേശങ്ങളിൽ ഭീതിപരത്തി വീണ്ടും പ്രകമ്പനം. വ്യാഴാഴ്ച രാത്രി 8.45- ഓടെയാണ് ഈങ്ങോളി ഭാഗം, വെളുത്തപറമ്പത്ത് ഭാഗം, അരകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ ഒരേസമയം വീടുകൾക്കുമുകളിൽ ഭാരമുള്ള എന്തോവന്ന് പതിക്കുന്നതുപോലുള്ള ശബ്ദംകേട്ടത്. മലയ്ക്ക് തൊട്ടുതാഴെയുള്ള വീടുകളിൽ വലിയതോതിൽ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

സെപ്റ്റംബർ അഞ്ചിന് രാത്രിയിലും വലിയമലയുടെ മറ്റൊരുഭാഗമായ കളിച്ചാട്ട് ഭാഗത്തും എം.ഇ.എസ് കോളേജ് പരിസരത്തും ഇതേ ശബ്ദം അനുഭവപ്പെട്ടിരുന്നു. അന്ന് റവന്യൂവകുപ്പധികൃതർ സ്ഥലംസന്ദർശിച്ച് വിവരം ദുരന്തനിവാരണവിഭാഗത്തെയും ജിയോളജി വിഭാഗത്തെയും അറിയിച്ചിരുന്നെങ്കിലും ഇന്നേവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല. ജിയോളജി സംഘം എത്തുമെന്നാണ് ആദ്യംപറഞ്ഞതെങ്കിലും ഇപ്പോഴും സംഘം വന്നിട്ടില്ല. ഇതിൽ പ്രദേശവാസികളിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് വീണ്ടും ഇതേതരത്തിലുള്ള പ്രകമ്പനം കുറച്ചുകൂടി ശക്തിയിൽ ഉണ്ടാകുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വില്യാപ്പള്ളി വില്ലേജ് ഓഫീസർ സുജിത്തിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘം സ്ഥലത്തെത്തി.

എം.ഇ.എസ് കോളേജ് പരിസരം, വെളുത്തപറമ്പത്ത് ഭാഗം എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വില്ലേജ് ഓഫീസർ ഇതുസംബന്ധിച്ച റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറി. നേരത്തെതന്നെ ജിയോളജി വിഭാഗത്തെ ഇക്കാര്യം അറിയിച്ചിരുന്നതായും പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിവരം അറിയിച്ചിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു. വാർഡ് അംഗം വി.പി. സുജയുടെ നേതൃത്വത്തിലുള്ള സംഘവും മലയുടെ പരിസരങ്ങളിലുള്ള വീടുകൾ സന്ദർശിച്ചു. ജിയോളജി സംഘം എത്രയുംപെട്ടെന്ന് സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് സുജ ആവശ്യപ്പെട്ടു. നേരത്തേ രണ്ടുതവണ വീടുകളിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. മലയുടെ മറ്റൊരു ഭാഗമായ മീങ്കണ്ടിവരെ ഇതേ ശബ്ദമുണ്ടായി. പ്രതിഭാസത്തിന് മലയുമായി ബന്ധമുണ്ടെന്ന് സംശയിക്കാൻ കാരണം ഇതാണ്. കശുമാവ് കൃഷിയുള്ള മല ഇപ്പോൾ കാടുപിടിച്ചുകിടക്കുകയാണ്. മുകളിലേക്ക് കയറാൻ വഴിപോലുമില്ല. എന്നിട്ടും ചില ഭാഗങ്ങളിൽ നാട്ടുകാർ കുറച്ച് പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. അസ്വഭാവികമായി ഒന്നുംകണ്ടെത്തിയിട്ടില്ല. എങ്കിലും ഏക്കർകണക്കിന് സ്ഥലം ഇനിയും പരിശോധിക്കാൻ ബാക്കിയാണ്. ഇത്തവണത്തെ മഴയിൽ വലിയമലയിൽ നിന്നുള്ള ഉറവകൾ മുമ്പത്തെക്കാൾ ശക്തമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. ഇതൊക്കെ വിശദമായി പഠനവിധേയമാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.