പാറക്കടവ് : രണ്ടാഴ്ചയോളം അടച്ചിട്ട പെറ്റ് ഷോപ്പിലെ ഓമനമൃഗങ്ങളും പക്ഷികളും പരിചരണവും ഭക്ഷണവും കിട്ടാതെ ചത്തു. പാറക്കടവ് വളയം റോഡിലെ അൽനബീർ പെറ്റ് ഷോപ്പിലുണ്ടായിരുന്ന മുയലുകൾ, പൂച്ച, ലൗ ബേർഡ്സ്, അലങ്കാര മത്സ്യങ്ങൾ എന്നിവയ്ക്കാണ് ദാരുണാന്ത്യം. ഉടമ നാസർ ലോക്ഡൗണിൽ ബെംഗളൂരുവിൽ കുടുങ്ങിയതിനെത്തുടർന്നാണ് കട അടച്ചിടേണ്ടിവന്നത്.

ശനിയാഴ്ച രാവിലെ കടയുടെ പരസരത്തുനിന്ന് രൂക്ഷഗന്ധമുയർന്നതോടെ നാട്ടുകാർ ഉടമയെ ബന്ധപ്പെട്ട് കട തുറന്ന് നോക്കിയപ്പോഴാണ് മൃഗങ്ങളും പക്ഷികളും ചത്തതായി കണ്ടത്. ജീർണിച്ചുതുടങ്ങിയ ജഡങ്ങൾ നാട്ടുകാർ മുൻകൈയെടുത്ത് സംസ്കരിച്ചു. ആരോഗ്യ- മൃഗ സംരക്ഷണ വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

കടയുടമ നാസർ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ബെംഗളൂരുവിൽ പോയതായിരുന്നു. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരിച്ചുവരാൻ പറ്റാതായി. കടയിലെ ഒാമന ജീവികളെ പരിചരിക്കാനും ആഹാരംനൽകാനും ഒരാളെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് നാസർ പറയുന്നത്.