കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് സംരക്ഷണനടപടി വേഗത്തിലാക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ജില്ലാ വികസനസമിതി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിനുള്ള പദ്ധതി ഉടൻ തയ്യാറാക്കണമെന്നും സാങ്കേതിക തടസ്സങ്ങൾ റോഡിന്റെ സംരക്ഷണത്തിന് വിഘാതമാകരുതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ ഇക്കഴിഞ്ഞ പ്രളയത്തിൽ ജീവൻ നഷ്ടമായ 17 ആളുകളുടെയും കുടുംബത്തിന് സഹായധനം വിതരണം ചെയ്തതായി ജില്ലാ വികസനസമിതി അറിയിച്ചു. ക്യാമ്പുകളിൽ കഴിഞ്ഞവർക്കുള്ള പതിനായിരം രൂപയ്ക്ക്‌ കോഴിക്കോട് താലൂക്കിൽ 15,151 പേരും കൊയിലാണ്ടിയിൽ 2239 പേരും വടകരയിൽ 2268 പേരും താമരശ്ശേരിയിൽ 638 പേരുമാണ് അർഹരായിട്ടുള്ളത്. മഴക്കെടുതിയിൽ നശിച്ച വീടുകളുടെ സർവേ അന്തിമഘട്ടത്തിലാണ്.

വിവിധ വകുപ്പുകൾ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്തു മാറ്റുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കളക്ടർ സാംബശിവറാവു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പാരിസ്ഥിതികാനുമതി ലഭിക്കുമ്പോൾ ക്വാറികൾക്ക് നൽകുന്ന നിർദേശങ്ങൾ നിർബന്ധമായും ക്വാറി ഉടമകൾ പാലിക്കണമെന്ന് കളക്ടർ പറഞ്ഞു. ശാസ്ത്രീയ പഠനത്തിനു ശേഷമാണ് ഖനനം നിർത്തിവെക്കാനുള്ള നിർദേശം നൽകുന്നത്. റെഡ് സോണിൽ ക്വാറികൾ അനുവദിക്കില്ലെന്നും കളക്ടർ അറിയിച്ചു.

കളക്ടർ അധ്യക്ഷനായ യോഗത്തിൽ എം.എൽ.എ. മാരായ പി.ടി.എ. റഹീം, പുരുഷൻ കടലുണ്ടി, സി.കെ. നാണു, കാരാട്ട് റസാഖ്, പാറക്കൽ അബ്ദുള്ള, ഇ.കെ. വിജയൻ, ജോർജ് എം. തോമസ്, സബ് കളക്ടർ വിഘ്നേശ്വരി, പ്ലാനിങ്‌ ഓഫീസർ എം. പി. അനിൽകുമാർ, എം.എൽ.എ. മാരുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.