തിരുവമ്പാടി: കക്കാടംപൊയിലിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് കളക്ടർ സി. സാംബശിവറാവു സന്ദർശനം നടത്തി. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ഐ.ഐ.എമ്മിലെ പ്രൊഫസർ അശുതോഷ് സർക്കാരാണ് ഇത് തയ്യാറാക്കുന്നത്. നാട്ടുകാരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി കൂടരഞ്ഞി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളിലുള്ളവരുടെ യോഗം ചേരും.

നായാടംപൊയിൽ ഭാഗത്തുള്ള കുരിശുമലയുടെ സമീപത്തെ റവന്യൂ ഭൂമിയിൽ ഫ്ലവർവാലി നിർമിക്കാനുള്ള പദ്ധതിയാണ് ആദ്യം നടപ്പാക്കുക. റവന്യൂ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ റിപ്പോർട്ട്‌ ചൊവ്വാഴ്ചക്കകം നൽകാൻ കളക്ടർ തഹസിൽദാരോട് ആവശ്യപ്പെട്ടു.

ജോർജ് എം. തോമസ് എം.എൽ.എ., വാർഡംഗം കെ.എസ്. അരുൺകുമാർ, ഒ.എ. സോമൻ, ഷൈജു പാണ്ടിപ്പിള്ളി, അജയൻ വല്യാറ്റുകണ്ടം, സോളമൻ മഴുവഞ്ചേരി, ബേബി പാവക്കൽ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.