രാമനാട്ടുകര: കിണറുകളും ചെത്തുപാലം തോടും വൃത്തിഹീനമാക്കി രാമനാട്ടുകര ബസ് സ്റ്റാൻഡിൽ നിന്നൊഴുകുന്ന കക്കൂസ് മാലിന്യം. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്കിൽനിന്ന് പിന്നിലുള്ള വയലിലേക്കാണ് മാലിന്യമൊഴുകുന്നത്. ഇവിടെനിന്ന് ഉറവയായി സമീപത്തെ വീടുകളിലെ കിണറുകളിൽ മാലിന്യമെത്തുന്നതായി പരാതിയുണ്ട്.

വയലിനോടു ചേർന്നുള്ള ഓടയിലൂടെ രൂക്ഷഗന്ധമുള്ള മാലിന്യം എൻ.എച്ച്. ഹോമിയോ റോഡിന്റെ ഓരം ചേർന്ന് ഒഴുകി ചെത്തുപാലം തോട്ടിലുമെത്തുന്നു. ചെത്തുപാലം തോട് പുഴയിലാണ് വന്നുചേരുന്നത്. കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. വേനലിൽ പ്രശ്നം രൂക്ഷമല്ലായിരുന്നു. മഴ പെയ്തതോടെ ഗുരുതരമായി. മാലിന്യം പുറത്തേക്ക് ഒഴുകി സാംക്രമിക രോഗങ്ങൾക്ക് ഇടവരുത്തുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

തൊട്ടടുത്തുള്ള ലീഗ് ഓഫീസിൽ യോഗം ചേരാനെത്തിയ യു.ഡി.എഫ്. കൗൺസിലർമാരെ നാട്ടുകാർ തടഞ്ഞു. തുടർന്ന് കൗൺസിലർമാർ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. എച്ച്.ഐ. എം.പി. രാജേഷ് കുമാർ, ജെ.എച്ച്.ഐ. കെ.പി. ഷജിനി എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. കക്കൂസ് മാലിന്യം കിനിഞ്ഞൊഴുകുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ വയലിലെയും സമീപത്തെ കിണറുകളിലെയും വെള്ളത്തിന്റെ നിറം മാറാനുള്ള പ്രധാന കാരണം പുല്ല് ചീഞ്ഞതാണെന്നാണ് വിലയിരുത്തൽ. പ്രശ്നം പരിഹരിക്കുമെന്നും ബസ്‌സ്റ്റാൻഡ്‌ നവീകരണത്തിന്റെ ഭാഗമായി പുതിയ കംഫർട്ട് സ്റ്റേഷനും സെപ്റ്റിക്‌ ടാങ്കും നിർമിക്കുമെന്നും നഗരസഭാ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ പ്രതികരിച്ചു.