താമരശ്ശേരി : നിപയുടെ ഉറവിടംതേടി സ്രവശേഖരണത്തിനുവേണ്ടി മാവൂർ അരയങ്കോട് കരിമലയിൽ വെടിവെച്ചുകൊന്ന കാട്ടുപന്നിയെ പോസ്റ്റുമോർട്ടംചെയ്ത് സാംപിളുകൾ ശേഖരിച്ചു. വനംവകുപ്പ് ദ്രുതകർമസേനയുടെ താമരശ്ശേരിയിലെ ആസ്ഥാന ഓഫീസിനുമുന്നിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് തുടങ്ങിയ ജഡപരിശോധനയും സാംപിൾ ശേഖരണവും ഒരു മണിക്കൂറിലേറെ നീണ്ടു.

കാട്ടുപന്നിയുടെ രക്തത്തിന്റെയും സ്രവത്തിന്റെയും മിക്ക ആന്തരികാവയവങ്ങളുടെയും സാംപിളുകൾ സംഘം വേർതിരിച്ച് ശേഖരിച്ചു. അവ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിദഗ്ധപരിശോധനയ്ക്കയക്കുന്നതിനായി മൃഗസംരക്ഷണവകുപ്പിന് കൈമാറി.

ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യൻ, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. ബേബി എന്നിവരുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാരായ എപ്പിഡമോളജിസ്റ്റ് ഡോ. നിഷ എബ്രഹാം, ഡോ. അമൂല്യ എന്നിരുൾപ്പെട്ട സംഘമാണ് സാംപിളുകൾ ശേഖരിച്ചത്. താമരശ്ശേരി ആർ.എഫ്.ഒ. എം.കെ. രാജീവ് കുമാർ, ആർ.ആർ.ടി. ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.

കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ അനുമതിനേടിയ കർഷകരിലൊരാൾ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് കരിമലയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.

നിപ ബാധിതമേഖലയോട് ചേർന്ന് കാട്ടുപന്നികൾ കൊല്ലപ്പെട്ടാൽ സ്രവശേഖരണത്തിനായി എത്തിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വനപാലകർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു.

വെടിയേറ്റുവീണ കാട്ടുപന്നിയുടെ ജഡം വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ആർ.ആർ.ടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. രാജീവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ദ്രുതകർമസേന ആർ.എഫ്.ഒ. ഓഫീസ് വളപ്പിലെത്തിച്ചത്. സാംപിൾശേഖരണത്തിനുശേഷം ജഡാവശിഷ്ടങ്ങൾ ഉച്ചയ്ക്ക് ഒന്നേകാലോടെ ആർ.എഫ്.ഒ. കോമ്പൗണ്ടിലെ പറമ്പിൽ ശാസ്ത്രീയമായി മറവുചെയ്തു.