പേരാമ്പ്ര : പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള ചക്കിട്ടപാറ പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റിൽ മാവോവാദികൾ എത്തിയതിനെത്തുടർന്ന് പ്രദേശത്ത് പോലീസും തണ്ടർബോൾട്ട് സംഘവും തിരച്ചിൽനടത്തി. പേരാമ്പ്ര ഡിവൈ.എസ്.പി. ജയൻ ഡൊമിനിക്, പെരുവണ്ണാമൂഴി ഇൻസ്പെക്ടർ കെ. സുഷീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വനമേഖലയോട് ചേർന്നുകിടക്കുന്ന ഭാഗമാണ് പേരാമ്പ്ര എസ്റ്റേറ്റ്. അതിനാൽ വനപ്രദേശത്തും തണ്ടർബോൾട്ട് സംഘം തിരച്ചിൽ നടത്തി. പെരുവണ്ണാമൂഴി മേഖലയിൽ സുരക്ഷ ശക്തമാക്കും. അടുത്തദിവസങ്ങളിൽ തുടർച്ചയായി പ്രദേശത്ത് പോലീസിന്റെ പരിശോധനയുണ്ടാകും. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ 10 പോലീസ് സേനാംഗങ്ങളെ അധികമായി നിയോഗിച്ചിട്ടുമുണ്ട്. എസ്റ്റേറ്റ് ഓഫീസിലെത്തിയ ഡിവൈ.എസ്.പി. എസ്റ്റേറ്റ് മാനേജർ ജി. അരുൺകുമാറിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ബോബ്, ഡോഗ് സ്‌ക്വാഡുകളും പ്രദേശത്ത് പരിശോധന നടത്തി.

ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെയാണ് സായുധരായ അഞ്ചംഗ മാവോവാദിസംഘം എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന് സമീപം റോഡിലൂടെ എത്തിയത്. ക്വാർട്ടേഴ്‌സിന് മുന്നിൽനിൽക്കുകയായിരുന്ന എസ്റ്റേറ്റ് മാനേജർക്കും ജീവനക്കാർക്കും നോട്ടീസ് നൽകുകയും സമീപത്തെ ബസ്‌സ്റ്റോപ്പിലും കാന്റിനിന്റെ മുൻവശത്തും പോസ്റ്ററുകൾ പതിച്ചുമാണ് സംഘം മടങ്ങിയത്.

തൊഴിലാളികളിൽനിന്ന് പണം സ്വരൂപിച്ച് നൽകാമോ എന്നും മാനേജരോട് ആരാഞ്ഞിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളെപ്പറ്റിയും താമസസ്ഥലത്തെപ്പറ്റിയുമൊക്കെയാണ് ചോദിച്ചത്. ഇരുമ്പയിർ ഘനനനീക്കത്തിനെതിരേയായിരുന്നു മുഖ്യപ്രചാരണം.

content highlights: thunder bolt conducts search in perambra estate