തിരുവമ്പാടി: കെ.എസ്.ആർ.ടി.സി. തിരുവമ്പാടി സബ്ഡിപ്പോയ്ക്കും ബസ് സ്റ്റേഷനും കെട്ടിടം നിർമിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. പഞ്ചായത്ത് ഏറ്റെടുത്തുനൽകിയ സ്ഥലം തണ്ണീർത്തട ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതിനാലാണ് നിർമാണം നീണ്ടുപോയത്. ഭൂമിയുടെ തരംമാറ്റാൻ അനുവദിച്ചുകൊണ്ട് കൃഷിവകുപ്പ് രണ്ടാഴ്ചമുമ്പ് ഉത്തരവിറക്കി. ഭൂമിയുടെ 10 ശതമാനം ജലസംരക്ഷണത്തിന് മാറ്റിവെക്കണമെന്ന വ്യവസ്ഥയോടെയാണ് തരംമാറ്റൽ അംഗീകരിച്ചത്.

ഒന്നരവർഷംമുമ്പ് ഡിപ്പോയ്ക്ക് തറക്കല്ലിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ആദ്യം തരംമാറ്റാനുള്ള അപേക്ഷ ഭൂമിയുടെ പരിവർത്തനത്തിനുള്ള സംസ്ഥാനതലസമിതി തള്ളിയിരുന്നു. നികത്തിയ സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്നും സമിതി ശുപാർശചെയ്തു. പിന്നീട് സർക്കാരിന്റെ നിർദേശപ്രകാരം വീണ്ടും പരിശോധന നടത്തുകയും 10 ശതമാനം ഭൂമി ജലസംരക്ഷണത്തിന് നീക്കിവെക്കണമെന്ന വ്യവസ്ഥയോടെ അനുമതി നൽകുകയായിരുന്നു.

2011-ലാണ് തിരുവമ്പാടിയിൽ സബ്ഡിപ്പോ അനുവദിച്ചത്. ഡിപ്പോ ഇനിയും പൂർണമായി പ്രവർത്തനം തുടങ്ങിയിട്ടില്ല. ഗാരേജ്, ഓപ്പറേറ്റിങ് സെന്റർ, സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം എന്നിവ മൂന്നിടത്തായി പ്രവർത്തിക്കുകയാണ്. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് എട്ടുവർഷമായി ഗാരേജ് പ്രവർത്തിക്കുന്നത്.

2014-ൽ 1.75 ഏക്കർ സ്ഥലം മുൻ പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്തുനൽകി. 42 ലക്ഷം രൂപയാണ് ഇതിന് ചെലവഴിച്ചത്. പിന്നീട് സ്ഥലം മണ്ണിട്ടുനികത്താൻ സി. മോയിൻകുട്ടി എം.എൽ.എ. ഒരു കോടി രൂപ അനുവദിച്ചു. ജോർജ് എം. തോമസ് എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്നാണ് കെട്ടിടനിർമാണത്തിന് മൂന്നുകോടി അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിക്കാണ് കരാർ ലഭിച്ചത്. ഭൂമിയുമായി ബന്ധപ്പെട്ട അവ്യക്തത നീങ്ങിയതോടെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന ഗാരേജ് ഇനി കെ.എസ്.ആർ.ടി.സി.യുടെ സ്വന്തംസ്ഥലത്തേക്ക് മാറ്റാനാകും.