തിരുവമ്പാടി: മലയോര ഹൈവേയുടെ തിരുവമ്പാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിന് സാങ്കേതികാനുമതി ലഭിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സാങ്കേതികാനുമതി കമ്മിറ്റിയാണ് പദ്ധതി അംഗീകരിച്ചത്.
160.28 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ സുരേഷ്ബാബു പറഞ്ഞു. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. നിയോജകമണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുന്നത്.
കോടഞ്ചേരിയിൽനിന്ന് തുടങ്ങി ഇലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, കൂമ്പാറ, അകമ്പുഴ വഴി കക്കാടംപൊയിലിൽ അവസാനിക്കുന്നതാണ് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ റീച്ച്.
കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെ 33.6 കീലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ ഭൂരിഭാഗം സ്ഥലത്തും നിലവിൽ റോഡുണ്ട്.
കൂമ്പാറ-അകമ്പുഴ റോഡിൽ ആറര കിലോമീറ്റർ പുതിയ പാത നിർമിക്കണം. നിലവിലുള്ള റോഡ് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. സൗജന്യമായി സ്ഥലം വിട്ടു നൽകുമ്പോൾ മതിൽ പൊളിക്കുന്നുണ്ടെങ്കിൽ അത് പുനർനിർമിച്ചുനൽകും. ഇതിനുള്ള തുക വകയിരുത്തിയിട്ടുണ്ട്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേയുടെ ഭാഗമാകുന്നത് നിയോജകമണ്ഡലത്തിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
ടൂറിസം മേഖലയ്ക്കൊപ്പം കാർഷികരംഗത്തും പുതിയ പാത പുത്തനുണർവാകും. ഒട്ടേറേ ചെറുകിട സംരംഭങ്ങൾ ഇപ്പോൾതന്നെ കോടഞ്ചേരി, കൂമ്പാറ, കക്കാടംപൊയിൽ മേഖലകളിലുണ്ട്. പലതും കൃഷിയുമായി ബന്ധപ്പെട്ടതാണ്. അടിസ്ഥാനസൗകര്യം വികസിക്കുമ്പോൾ കൂടുതൽ നിക്ഷേപമുണ്ടാകുമെന്നാണ് പ്രതീക്ഷ. വയനാട്, മലപ്പുറം ജില്ലകളിൽനിന്ന് എളുപ്പത്തിലെത്താൻ കഴിയുന്നത് ടൂറിസംരംഗത്തും പ്രതീക്ഷയാണ്.