തിരുവമ്പാടി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഇനി പ്ലാസ്റ്റിക് മാലിന്യമുക്തമാകും. ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകളിലെയും പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് തിരുവമ്പാടി ചവലപ്പാറയിൽ പ്രവർത്തനസജ്ജമായി. ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി പഞ്ചായത്തിന്റെ രണ്ടേക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് സംസ്കരണത്തിനുള്ള സൂപ്പർ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്ററാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഇത്തരമൊരു യൂണിറ്റ് സ്ഥാപിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ജില്ലയിൽ പൂർത്തിയാകുന്ന മൂന്നാമത്തെ സെന്ററാണ് തിരുവമ്പാടിയിലേത്. കെട്ടിട നിർമാണം, യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് 75 ലക്ഷം രൂപയാണ് അനുവദിച്ചത്.

പ്ലാന്റിലേക്ക് 400 മീറ്റർ റോഡ് നിർമിക്കുന്നതിനും വൈദ്യുതി, വെള്ളം എന്നിവ എത്തിക്കുന്നതിനും തിരുവമ്പാടി പഞ്ചായത്ത് 65 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ ശുചിത്വമിഷൻ പത്ത് ലക്ഷവും നൽകി.

ക്ലീൻ കേരള മിഷൻ ഏജൻസിയായ വേങ്ങേരിയിലെ ‘നിറവു’മായി സഹകരിച്ചാണ് പ്ലാന്റിന്റെ പ്രവർത്തനം. നിറവിലെ തൊഴിലാളികളും തിരുവമ്പാടി പഞ്ചായത്തിന്റെ ഹരിത കർമസേനാംഗങ്ങളും ഉൾപ്പെടെ 22 പേർ ഇവിടെ ജോലിക്കുണ്ടാകും.

ജൈവമാലിന്യം വളമാക്കി മാറ്റും

തിരുവമ്പാടി പഞ്ചായത്തിൽ നിന്നുള്ള ജൈവമാലിന്യ സംസ്കരണവും ഇവിടെ തുടങ്ങും. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് മാലിന്യം ഇവിടെയെത്തിച്ച് വളമാക്കാനാണ് പദ്ധതി. ഇതിനുള്ള മൂന്ന് യൂണിറ്റുകൾ തയ്യാറായി വരുകയാണ്. വളം കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് വിൽക്കും.

സംസ്കരണം ഇങ്ങനെ

ഒമ്പത് പഞ്ചായത്തുകളിലെയും അജൈവമാലിന്യങ്ങൾ ആദ്യം നിശ്ചിത സ്ഥലത്ത് ശേഖരിച്ചുവെക്കും. അതത് പഞ്ചായത്തുകൾക്കാണ് ഇതിന്റെ ഉത്തരവാദിത്വം. പിന്നീട് ഇവ നിറവിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ പ്ലാന്റിലെത്തിക്കും. ഇവിടെ വെച്ച് ആദ്യം മാലിന്യങ്ങൾ വേർതിരിക്കും. ഇവയിലെ പ്ലാസ്റ്റിക് ഇതരവസ്തുക്കൾ വേങ്ങേരിയിലേക്ക് കൊണ്ടുപോകും. പ്ലാസ്റ്റിക് വസ്തുക്കൾ സംസ്കരിച്ച് പൊടിയാക്കി വിൽക്കും.