തിരുവമ്പാടി : വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച യുവതിക്ക് നൂറിലേറെപ്പേരുമായി സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയതോടെ കൂടരഞ്ഞി പഞ്ചായത്ത് പൂർണമായി കൺടെയ്ൻമെന്റ് സോണാക്കി. യുവതിയുടെ കുടുംബത്തിലെ മൂന്നുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ 62-കാരനും ഭാര്യയ്ക്കും അദ്ദേഹത്തിന്റെ സഹോദരനുമാണ് രോഗം നേരത്തെ സ്ഥിരീകരിച്ചത്. സഹോദരന്റെ ഭാര്യയുടെ പരിശോധനാഫലമാണ് വ്യാഴാഴ്ച പോസിറ്റീവായത്.

ഇവർ കൂടരഞ്ഞി അങ്ങാടിയിലെ ദന്താശുപത്രിയിലെ ജീവനക്കാരിയാണ്. ജൂലായ് 15 മുതൽ 25 വരെ ഇവർ ജോലിക്കെത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ നൂറിലധികം പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. സമ്പർക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.

25-നാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചത്. അന്നുതന്നെ മറ്റ് കുടുംബാംഗങ്ങളെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു. കൂടരഞ്ഞിയിലെ ദന്താശുപത്രി അടയ്ക്കുകയും ചെയ്തിരുന്നു.