തിരുവമ്പാടി : തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടത്തുനിന്നായി വിദേശമദ്യവും കഞ്ചാവും പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. വിദേശമദ്യം ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കക്കാടംപൊയിൽ പൂവേലിയിൽ ജോൺസൺ (31), കഞ്ചാവുമായി തിരുവമ്പാടി പാമ്പിഴഞ്ഞപാറ മുഹമ്മദ് അസ്‌ലു(21) എന്നിവരാണ് പിടിയിലായത്.

കൂടരഞ്ഞിയിൽനിന്നാണ് ജോൺസൺ പിടിയിലായത്. മുക്കത്തെ സ്വകാര്യബാറിൽനിന്നും ഏജന്റുമാരെ നിയോഗിച്ചാണ് ഇയാൾ മദ്യം ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടിയിട്ടുണ്ട്. ആറ് ലിറ്റർ മദ്യമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. തിരുവമ്പാടി അൽഫോൻസ കോളേജിന് സമീപത്തുനിന്നാണ് മുഹമ്മദ് അസ്‌ലുവിനെ പിടികൂടിയത്. 75 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ജോൺസണെ റിമാൻഡ് ചെയ്തു. മുഹമ്മദ് അസ്‌ലുവിനെ ജാമ്യത്തിൽവിട്ടു.

ഇൻസ്പെക്ടർ ഓഫ് പോലീസ് ഷാജു ജോസഫ്, എസ്.ഐ.മാരായ കെ. മധു, അഷ്‌റഫ്, സി.പി.ഒ. മാരായ അനീസ്, സെബാസ്റ്റ്യൻ തോമസ്, മുനീർ, സ്വപ്നേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.