തിരുവമ്പാടി : ഇതുവരെ കോവിഡിനെ പ്രതിരോധിച്ചുനിന്ന തിരുവമ്പാടിയിൽ തുടർച്ചയായി രണ്ടാംദിവസവും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത വർധിപ്പിച്ചു. വിദേശത്തുനിന്നുവന്ന യുവാവിനാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന് ആരുമായും സമ്പർക്കമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അന്ന് 45 പേർക്ക് പഞ്ചായത്തിൽ പരിശോധന നടത്തിയിരുന്നു. ഇവരിൽ 44 പേരുടെയും പരിശോധനാഫലം നെഗറ്റീവായി.

അതേസമയം ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് തിരുവമ്പാടിയിൽനിന്നല്ല രോഗബാധയുണ്ടായതെന്ന് വ്യക്തമായി. രണ്ടാഴ്ചമുമ്പ് പുതുപ്പാടിയിലെ ഒരു വീട്ടിൽ ജോലിക്ക് പോയതായിരുന്നു ഇവർ. ആ വീട്ടിലുള്ളവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ ഇവർക്കും ഫലം പോസിറ്റീവായി.

ശനിയാഴ്ച കൂടരഞ്ഞിയിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഭർത്താവിന്റെ ചികിത്സയ്ക്കായി ഇവർ മെഡിക്കൽകോളേജ് ആശുപത്രിയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഭർത്താവിനൊപ്പം ഇവരുടെയും സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഭർത്താവിന്റെ പരിശോധനാഫലം നെഗറ്റീവാണ്. കൂടരഞ്ഞിയിൽ രോഗബാധിതരുടെ എണ്ണം നാലായി.