തിരുവമ്പാടി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കുന്നു. ഒരുങ്ങുന്നു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിൽ ചികിത്സാകേന്ദ്രം തയ്യാറാക്കുന്നത്.

തിരുവമ്പാടി പാരീഷ് ഹാളും കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂളുമാണ് ആശുപത്രികളായി മാറുന്നത്. തിരുവമ്പാടിയിൽ 50 കിടക്കകളാണ് സജ്ജീകരിക്കുന്നത്. ലിസ ആശുപത്രിയാണ് കിടക്കകൾ നൽകിയത്.

ഹാൾ ശുചീകരിച്ച് കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ആശുപത്രി പ്രവർത്തനക്ഷമമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ പറഞ്ഞു.

കൂടരഞ്ഞിയിൽ 100 രോഗികളെ ശുശ്രൂഷിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു. ഇവിടേക്കാവശ്യമായ കിടക്കകൾ പഞ്ചായത്ത് തന്നെ വാങ്ങിനൽകും. തിരുവമ്പാടിയിൽ ഇതുവരെ ആർക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല. കൂടരഞ്ഞിയിൽ മൂന്നുപേർക്ക് രോഗം സ്ഥിതീകരിച്ചു. രണ്ടുപേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കാരശ്ശേരി : കാരശ്ശേരി മരഞ്ചാട്ടി മർകസ് ഗ്രീൻവാലി ഓർഫനേജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കി. 50 പേരെ ഒരേസമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമിവിടെയുണ്ട്. പഞ്ചായത്ത് മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് തയ്യാറാക്കുന്നത്. മുരിങ്ങംപുറായി തേക്കുംകുറ്റി എന്നിവിടങ്ങളിലും സെന്ററുകൾ സജ്ജമാക്കും. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. വിനോദ് ഓർഫനേജിലെ സെന്റർ സന്ദർശിച്ചു. സജി തോമസ്, സവാദ് ഇബ്രാഹിം, എ. അൻസു, അനിൽ, വി.ഇ.ഒ. ഭൂബേഷ്, ആർ. ഹരി. തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ ഒരുക്കം പൂർത്തിയായി. വേളങ്കോട്‌ സെയ്ന്റ് ജോർജ്‌ ഹയർസെക്കൻഡറി സ്കൂളിലാണ് ചികിത്സാ കേന്ദ്രമൊരുക്കിയത്. അടിയന്തര സാഹചര്യമുണ്ടാകുന്ന മുറയ്ക്ക് രോഗികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം

കോടഞ്ചേരി : സമീപ പഞ്ചായത്തായ പുതുപ്പാടിയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ സുരക്ഷാ മുൻകരുതൽ ശക്തമാക്കി. അങ്ങാടിയിലെ ചില കടകൾ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകി. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അറിയിച്ചു.

കൊടുവള്ളി : പന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ കോവിഡ് ചികിത്സാകേന്ദ്രമാക്കാൻ തീരുമാനിച്ചു. ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രമൊരുക്കുക.

നൂറ് കിടക്കകളാണ് സജ്ജീകരിക്കുക. യോഗത്തിൽ കമ്മിറ്റി ചെയർമാൻ എൻ.സി. ഉസ്സയിൻ അധ്യക്ഷനായി. വൈസ് ചെയർമാൻ കെ.കെ.എ. ജബ്ബാർ, വി.എം. മനോജ്, ഹരി, ഡോ. ഹൈഫ മൊയ്തീൻ, മുജീബ്, ബഷീർ എന്നിവർ പങ്കെടുത്തു.