തിരുവമ്പാടി : കൊറോണക്കാലത്ത് കീബോർഡിന്റെ നാദം നിലച്ചപ്പോൾ ജോണിയുടെ വീട്ടിലെ ഇത്തിരിവെട്ടവും അണഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കീബോർഡ് വായനക്കാരനായ ജോണിയുടെ അവസാന പ്രോഗ്രാം. അതിനുശേഷം ജീവിതം പൂർണമായി ഇരുട്ടിലായി.

പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളിയിലെ ഗാനസംഘത്തിലെ അംഗമായ ചാക്കോ എന്ന ജോണി പൂർണമായി ഇരുട്ടിന്റെ ലോകത്തായിട്ട് പത്തുവർഷമായി. കാഴ്ച മങ്ങിമങ്ങി എപ്പോഴോ പൂർണമായി ഇരുട്ടിലാകുകയായിരുന്നു. മുമ്പെങ്ങോ പഠിച്ച കീബോർഡ് വായനയിലാണ് പിന്നീട് ജീവിതം മുന്നോട്ടുകൊണ്ടുപോയത്.

പുഷ്പഗിരി പള്ളിയിലും ഇടവകകളിലെ വിവാഹവേദികളിലും നാട്ടിലെ ചെറിയ കലാസന്ധ്യകളിലുമൊക്കെ ജോണി നിത്യസാന്നിധ്യമായിരുന്നു. സുഹൃത്തുക്കളും പള്ളി അധികൃതരും എല്ലാസഹായവും നൽകി. ഇതിനിടയിൽ ഏകമകളുടെ വിവാഹവും നടത്തി. ഒരുവിധം ജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് കൊറോണയെത്തിയത്. അതോടെ വരുമാനവും നിലച്ചു. 83,000 രൂപ സമാഹരിച്ച് വാങ്ങിയ കീബോർഡ് ഇപ്പോൾ പുഷ്പഗിരി പള്ളിയിൽ പൊടിപിടിച്ചുകിടക്കുകയാണ്.

25 വർഷത്തോളം ‘മാതൃഭൂമി’ ഉൾപ്പെടെയുള്ള പത്രങ്ങളുടെ വിതരണക്കാരനായിരുന്നു. മുപ്പത് കീലോമീറ്റർവരെ അക്കാലത്ത് സൈക്കിളിൽ പത്രവിതരണം നടത്തിയിട്ടുണ്ടെന്ന് ജോണി പറഞ്ഞു. പിന്നീടെപ്പോഴോ കാഴ്ചയ്ക്ക് നേരിയ മങ്ങലുണ്ടായി. അത് കാര്യമാക്കാതെ ജോലിതുടർന്നു. പത്തുവർഷംമുമ്പ് കാഴ്ച പൂർണമായി ഇല്ലാതായി.

പുഷ്പഗിരി സ്‌കൂളിനുസമീപത്തെ കണ്ണംതറപ്പിൽ വീട്ടിൽ 53-കാരനായ ജോണിയും ഭാര്യ ഷേർളിയും തനിച്ചാണ്. മറ്റൊരു മകൾ ജന്മനാ ബധിരയായിരുന്നു. പത്തുവർഷംമുമ്പ് മരിച്ചു.

ജോണിയെ തനിച്ചാക്കി ഭാര്യ ഷേർളിക്കും പുറത്ത് ജോലിക്കൊന്നും പോകാൻ കഴിയില്ല. കീബോർഡ് വായനയുമായി ഇനി മുന്നോട്ടുപോകാനാകില്ലെന്ന് അറിയാം. വീട്ടിലിരുന്ന് ചെയ്യാവുന്ന എന്തെങ്കിലുമൊരു ജോലിയാണ് ഇനി ഇവരുടെ പ്രതീക്ഷ. കൂടരഞ്ഞി-കൂമ്പാറ റോഡരികിലെ വീടിനോടുചേർന്ന സ്ഥലത്ത് ഒരു കട തുടങ്ങണമെന്ന് ഇരുവർക്കും ആഗ്രഹമുണ്ട്. എന്നാൽ, ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നുള്ള ആശങ്കയിലാണിവർ.